പ്രളയ ബാധിതരില്‍ നിന്ന് ശമ്പളം പിടിച്ചുപറിക്കുന്നത് മനുഷ്യത്വമില്ലായ്മ: ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കാരണം എല്ലാം നഷ്ടപ്പെട്ട് മൂക്കറ്റത്തോളം കടം കയറിയവരില്‍ നിന്ന് ഒരുമാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങുന്നത് മുനുഷ്യത്വമില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിര്‍ബന്ധിച്ച് ആരില്‍ നിന്നും ഒരുമാസത്തെ ശമ്പളം വാങ്ങുകയില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്. ഒരുമാസത്തെ ശമ്പളം നല്‍കാത്തവരെ ഭീഷണിപ്പെടുത്തുക മാത്രമല്ല, ഉപദ്രവിച്ച് സമ്മതിപ്പിക്കുകയാണു ചെയ്യുന്നത്. മന്ത്രിയും എംഎല്‍എയും വരെ പരസ്യമായി ഭീഷണി മുഴക്കുന്നു. പിടിച്ചുപറിക്ക് തുല്യമാണെന്ന് കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ വകവയ്ക്കുന്നില്ല. രാത്രിയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ വെള്ളം കയറിയപ്പോള്‍ എല്ലാം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടവരില്‍ നിന്നുപോലും നിര്‍ബന്ധിത പിരിവു നടത്തുകയാണ്. വീടു കഴുകി വൃത്തിയാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപപോലും ഇവര്‍ക്കു കിട്ടിയിട്ടില്ല. മാസതവണയായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ അത്യാവശ്യ വീട്ടുസാധനങ്ങള്‍ വാങ്ങി ജീവിതം പച്ചപിടിച്ചുതുടങ്ങിയപ്പോഴാണ് സാലറി ചലഞ്ചായി അടുത്ത ദുരിതമെത്തിയത്.
ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് എഴുതിക്കൊടുത്തവരെ ജീവനക്കാരുടെ ഭരണപക്ഷ യൂനിയന്‍ നേതാക്കള്‍ നേരിട്ടു ചെന്ന് ഭീഷണിപ്പെടുത്തി വിസമ്മതപത്രം തിരിച്ചേല്‍പിക്കുന്നു. ഒട്ടെറെ പരാതികളാണ് ഇതുസംബന്ധിച്ച് കിട്ടിക്കൊണ്ടിരിക്കുന്നത്. എല്ലാ നഷ്ടപ്പെട്ടവരില്‍ നിന്നു വീണ്ടും പിടിച്ചുപറി നടത്തുന്നത് അല്‍പവും മനുഷ്യത്വമില്ലാത്ത നടപടിയാണ്. നിര്‍ബന്ധപിരിവ് നടത്തി ഒത്തൊരുമയുടെ അന്തരീക്ഷം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.RELATED STORIES

Share it
Top