പ്രളയ ദുരിതം മറികടക്കാന്‍ സമഗ്ര കര്‍മപരിപാടി ആവിഷ്‌കരിക്കും: ടൂറിസം മന്ത്രി

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ തളര്‍ന്ന കേരളത്തിലെ ടൂറിസം വ്യവസായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദീര്‍ഘവീക്ഷണത്തോടെ സമഗ്രമായുള്ള കര്‍മപരിപാടികള്‍ക്ക് ടൂറിസം വകുപ്പ് രൂപം നല്‍കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഇതിനായി ടൂറിസം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവരും മേഖലയിലെ മറ്റു പ്രമുഖരും വിദഗ്ധരുമായും ചര്‍ച്ച ചെയ്യും. ടൂറിസം മേഖലയില്‍ നൂറു കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം സംസ്ഥാനത്തേക്കു വരേണ്ടിയിരുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും യാത്ര റദ്ദാക്കി. അതുകൊണ്ടു മാത്രമുള്ള നഷ്ടം 500 കോടിയോളം വരും. മറ്റ് അനുബന്ധ മേഖലയിലുള്ള നഷ്ടവും വളരെ കൂടുതലാണ്. എന്നാല്‍, സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളൊന്നും പാടെ തകര്‍ന്നുപോയിട്ടില്ല. പ്രളയത്തിനു ശേഷമുള്ള സ്ഥിതിയെ കുറിച്ച് അവര്‍ക്കാര്‍ക്കും ഒരു ധാരണയുമില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ വളരെ ശക്തമായ മാര്‍ക്കറ്റിങ് കാംപയിന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യും. കര്‍മപദ്ധതിയുടെ ഭാഗമായി, തകര്‍ന്ന റോഡുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിര്‍മിക്കും.
ടൂറിസം സേവനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണോ എന്നു വിലയിരുത്താന്‍ ടൂറിസം ട്രേഡ് സര്‍വേ സംഘടിപ്പിക്കും.
കൊച്ചിയില്‍ സപ്തംബര്‍ 27 മുതല്‍ 30 വരെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കും. നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ ലണ്ടനില്‍ നടക്കുന്ന ലോക ടൂറിസം മാര്‍ട്ടില്‍ പങ്കെടുക്കും. യാത്രാവിവരണ കര്‍ത്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ക്കായി ഫാം ടൂറുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top