പ്രളയാനന്തരം പരിസ്ഥിതി പഠനം നടത്തി രൂപരേഖ തയ്യാറാക്കും: മന്ത്രി

തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്ണിനും പരിസ്ഥിതിക്കും വന്ന മാറ്റത്തിനെ സംബന്ധിച്ച് ശാസ്ത്രീയമായി അവലോകനം ചെയ്ത് വിളസംരക്ഷണത്തിന് വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍.
പലതരത്തിലുള്ള മാറ്റങ്ങളാണ് മണ്ണില്‍ സംഭവിച്ചിട്ടുള്ളത്. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപോവുന്നത് വയനാട്ടില്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. അതുകൂടാതെ വിവിധ ഫംഗസ്, ബാക്ടീരിയ രോഗങ്ങള്‍ പരക്കെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തെങ്ങിന്റെ കൂമ്പുചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, കവുങ്ങിന്റെ മഹാളി, ജാതി, മറ്റ് സുഗന്ധ വിളകള്‍ക്കുണ്ടാവുന്ന അഴുകല്‍, ഏലത്തിന്റെ മൂട് ചീയല്‍, റബ്ബറിലെ ഇലകൊഴിച്ചില്‍ തുടങ്ങി പല രോഗങ്ങളും പല ഭാഗങ്ങളിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ വിശദമായ പഠനം നടത്തുന്നതിന് എല്ലാ ജില്ലകളിലും കാര്‍ഷിക മേഖലകളില്‍ വിദഗ്ധരായ ശാസ്ത്രജ്ഞന്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ഉത്തരവായി.
പ്രത്യേക ടീമുകള്‍ ജില്ലയിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള കാര്‍ഷിക സര്‍വകലാശാല, ഗവേഷണ കേന്ദ്രങ്ങള്‍, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ആണ് ടീമിലുള്ളത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും അടിയന്തര നടപടികളും സ്വീകരിക്കുവാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ക്കും കാര്‍ഷിക സര്‍വകലാശാലയ്ക്കും നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top