പ്രളയാനന്തരം ആലുവ പ്രതാപം വീണ്ടെടുക്കാന്‍ ഏറെ വൈകും
kasim kzm2018-09-06T07:52:46+05:30
ആലുവ: പ്രളയം തകര്‍ത്തെറിഞ്ഞ ആലുവ നഗരത്തിന് പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇനിയും വൈകും. കടുത്ത ജലപ്രളയം നഗരത്തെ തകര്‍ത്തിരുന്നു. ആലുവ പറവൂര്‍ കവല മുതല്‍ പമ്പ് ജങ്ഷനു സമീപത്ത് വരേയും കടന്നെത്തിയ പ്രളയജലം നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളുടേയും നട്ടെല്ലാണ് തകര്‍ത്തത്. ബാങ്ക് കവല, ബൈപാസ്, സ്വകാര്യ ബസ്സ്റ്റാന്റ് പരിസരം, മാര്‍ക്കറ്റ് റോഡ്, ഗ്രാന്റ് ജങ്ഷന്, തോട്ടക്കാട്ടുകര, തുടങ്ങിയ എല്ലാ ഭാഗങ്ങളിലേയും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളേയും പ്രളയം പൂര്‍ണമായും തകര്‍ത്തെറിഞ്ഞിരുന്നു. പ്രളയശേഷം പല വ്യാപാര സ്ഥാപനങ്ങളും ഇതുവരേയും ശുചീകരിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം സ്ഥാപനങ്ങളും പൂര്‍ണമായും പുനര്‍നിര്‍മാണം നടത്തേണ്ടിയും വരും.നഗരത്തിന്റെ മുക്കുമൂലകളില്‍ കൂട്ടിയിട്ടുള്ള മാലിന്യങ്ങളുടെ നീക്കലും പൂര്‍ത്തിയായിട്ടില്ല. കുടിവെള്ള സ്രോതസ്സുകളുടേയും ശുചീകരണം പൂര്ത്തീയാക്കുവാനും ഇനിയും ഏറെ താമസം വരും. അഞ്ചിലേറെ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ വേണം ഇനി പഴയ പടിയിലാക്കാന്‍ എന്നിരിക്കെ നഗരത്തിലെ ആരോഗ്യമേഖലയും കിതപ്പിലാണിപ്പോള്.ജലപ്രളയത്തില്‍ തകര്‍ന്ന വീടുകളും ഏറെയാണ്.വീടുകളുടെയും സ്ഥാപനങ്ങളുടേയും പുനര്‍നിര്‍മാണമാണ് പ്രധാനമായും ആലുവ നഗരവാസികളെ വട്ടം ചുറ്റിക്കുന്നത്.ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരത്തിന്റെ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതി വിവരങ്ങളും നഷ്ടങ്ങളും വരും ദിവസങ്ങളില്‍ വിലയിരുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായി തങ്ങളുടെ സ്ഥാപനങ്ങളിലെ നഷ്ടം കണക്കാക്കാന്‍ വ്യാപാരികള്‍ക്ക് ആയിട്ടില്ല. അത്രക്കും നഷ്ടമാണ് നഗരത്തിലെ വ്യാപാര രംഗത്തുണ്ടായിട്ടുള്ളത്.