പ്രളയഭയത്തിന് ആശ്വാസമായി ബിജോ തോമസിന്റെ സുവര്‍ണനേട്ടം

ടി പി ജലാല്‍

ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ ബിജോ തോമസ് സുവര്‍ണ നേട്ടം കരസ്ഥമാക്കുമ്പോള്‍ പ്രളയത്തില്‍ നിലം പൊത്താറായ വീടും കുടുംബത്തിന്റെ ദാരിദ്ര്യവും മകന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമാകുമോയെന്ന ആശങ്കയിലായിരുന്നു ഇടുക്കിയിലെ കുമളി വിശ്വനാഥപുരത്തെ കെ വി തോമസും കുടുംബവും. ഓട്ടോ ഓടി ലഭിക്കുന്നതാണ് ആകെയുള്ള വരുമാനം. ഇതിനൊപ്പം ആസ്ത്മ ചികിത്സയിലുള്ള മാതാവ് ലിസിയുടെ തൊഴിലുറപ്പ് ജോലിയിലെ തുച്ഛമായ കൂലിയും.
എങ്കിലും മകനെ പരമാവധി ഉയര്‍ച്ചയിലെത്തിക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആഗ്രഹം. ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ് ബിജോ തോമസിന്റെ വീട്.
ഡിസ്‌കസ് ത്രോയില്‍ 38.22 മീറ്റര്‍ വീശിയെറിഞ്ഞാണ് ബിജോ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്. 2016ല്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ബിജോ നേടിയ 36.56 മീറ്ററാണ് ഇത്തവണ അവന്‍ മാറ്റിയെറിഞ്ഞത്. ഈ പ്രാവശ്യം ഷോട്ട്പുട്ടിലും പങ്കെടുത്തെങ്കിലും ആറാം സ്ഥാനമാണ് ലഭിച്ചത്.
സെന്റ് ജോസഫ് സ്‌കൂളിലെ അഞ്ചാം തരത്തില്‍ നിന്നും തിരിച്ചുപോരേണ്ടിവന്ന ബിജോയെ വീണ്ടും ആ സ്‌കൂളില്‍ തിരിച്ചെത്തിച്ചത് ഇടുക്കി മേരികുളത്തെ കായികാധ്യാപകന്‍ ജോസ് മാത്യൂവാണ്. ആ അധ്യാപകന്‍ ഒരു പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബിജോയെ കണ്ടതും ഇവനെ ഉടന്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെത്തിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതിനായി സെന്റ് ജോസഫ് സ്‌കൂളിലെ രാജു പോളിനെ ബന്ധപ്പെട്ട് എട്ടാം ക്ലാസിലെത്തിക്കുകയും ചെയ്തു. ഇതാണ് മകന്റെ ഉയര്‍ച്ചക്ക് നിമിത്തമായതെന്ന് മാതാവ് ലിസി പറഞ്ഞു. അജോ തോമസ് ഏക സഹോദരനാണ്.

RELATED STORIES

Share it
Top