പ്രളയബാധിതരുടെ വായ്പ: ദേശീയ ദുരന്തനിവാരണ അതോറിറ്റി മതിയായ തീരുമാനമെടുക്കണം

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞമാസമുണ്ടായ പ്രളയം എല്‍ മൂന്ന് ഗണത്തില്‍ പെടുന്നതാണെന്ന കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രളയബാധിതരുടെ വായ്പ സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റി മതിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവേണ്ടത്. പ്രളയബാധിതരുടെ വായ്പ സംബന്ധിച്ച് ഈ മാസം 18ന് സംസ്ഥാന ചീഫ്‌സെക്രട്ടറി ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ പകര്‍പ്പ് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ചുള്ളതാണ് ഈ കത്ത്. കേരളത്തിലെ അടിയന്തര സാഹചര്യവും വിഷയത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടുത്ത യോഗം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 14 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന പണം മുഴുവന്‍ പ്രളയം സംബന്ധിച്ച കാര്യങ്ങള്‍ക്കേ ഉപയോഗിക്കൂവെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി. ഈ അക്കൗണ്ടില്‍ നേരത്തെ ഉണ്ടായിരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. വരവും ചെലവും സിഎജി ഓഡിറ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തൃപ്തികരമാണ്. 2017ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാസ്റ്റര്‍ സര്‍ക്കുലര്‍ പ്രകാരം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ യോഗം കഴിഞ്ഞമാസം 20ന് നടന്നിരുന്നു. തുടര്‍ന്ന് സപ്തംബര്‍ 11ന് ചില തീരുമാനങ്ങള്‍ എടുത്തു. പക്ഷേ, ഈ തീരുമാനങ്ങള്‍ ജനങ്ങളില്‍ വേണ്ടവിധം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണം. ദുരിതബാധിതര്‍ക്കുള്ള റിലീഫ് വിതരണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് ഇന്നലെ കോടതിയെ നേരിട്ട് അറിയിച്ചു. ഇത് കേട്ട കോടതി സര്‍ക്കാരിന്റെ റിലീഫ് വിതരണം തൃപ്തികരമാണെന്നും നിരീക്ഷിച്ചു.
യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം സമര്‍പ്പിച്ച ഹരജികളാണ് ഇന്നലെ കോടതിയുടെ പരിഗണനയില്‍ എത്തിയത്. കേസുകള്‍ അടുത്തമാസം 10ന് വീണ്ടും പരിഗണിക്കും.RELATED STORIES

Share it
Top