പ്രളയദുരിതബാധിതരെ ലിസ്റ്റില്‍ നിന്നൊഴിവാക്കിയതായി ആക്ഷേപം

മുക്കം: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുകയും കനത്ത നഷ്ടങ്ങള്‍ നേരിടുകയും ചെയ്ത കുടുംബങ്ങളെ ദുരിതബാധിതരുടെ ലിസ്റ്റില്‍ നിന്ന് അധികൃതര്‍ ഒഴിവാക്കിയതായി പരാതി. പ്രളയം നാശം വിതച്ച 1,11,12,13,14, 16, വാര്‍ഡുകളിലെ 50ഓളം കുടുംബങ്ങളാണ് കലക്ടര്‍ക്ക് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടത്. സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ 104 കുടുംബങ്ങളുടെ പേര് അവര്‍ത്തിച്ച് രേഖപ്പെടുത്തിയപ്പോഴാണ് ദുരിതം പേറിയ കുടുംബങ്ങള്‍ പുറന്തള്ളപ്പെട്ടത്. ലിസ്റ്റ് തയ്യാറാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വില്ലേജ് അധികൃതര്‍ക്കാണെന്ന നിലപാടിലാണ് പഞ്ചായത്തധികൃതര്‍. എന്നാല്‍ ബന്ധപ്പെട്ട അധികൃതരെ സ്ഥലത്തെത്തിക്കുന്നതിനും രേഖകള്‍ തയ്യാറാക്കുന്നതിനും കൂടുതല്‍ സ്ഥല പരിചയമുള്ള പഞ്ചായത്ത് ഭരണാധികാരികള്‍ മുന്‍ൈകയെടുക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ഇതിനിടെ അര്‍ഹരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തധികൃതര്‍, കലക്ടര്‍ക്ക് പുതിയ ലിസ്റ്റ് നല്‍കി. പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവും നടത്തിയിട്ടുണ്ട്. അതേസമയം ലിസ്റ്റ് തയ്യാറാക്കാന്‍ നേതൃത്വം വഹിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് അവധിയെടുത്ത് മുങ്ങിയതായും ആക്ഷേപമുണ്ട്. പഞ്ചായത്തധികൃതരും, റവന്യൂ അധികാരികളും, പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മുഴുകുംമ്പോഴും, സഹായം ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ദുരിതബാധിതര്‍.

RELATED STORIES

Share it
Top