പ്രളയദുരന്തത്തില്‍ നിന്ന് കരകയറാതെ മാള

മാള: ഒരു മാസം പിന്നിട്ടപ്പോഴും പ്രളയം തകര്‍ത്തെറിഞ്ഞ മാളയുടെ മുഖം വികൃതമായി തന്നെ തുടരുകയാണ്. തകര്‍ന്ന റോഡുകളും തോടുകളും പാലങ്ങളും എന്ന് പുനര്‍നിര്‍മ്മിക്കുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല. ബസ്സ് സ്റ്റാന്റിന് എതിര്‍വശത്തെ നിര്‍മ്മിതികളും കെ എസ് ഇ ബി ട്രാന്‍സ്‌ഫോര്‍മറുമടക്കമാണ് പ്രളയം തകര്‍ത്തത്. പ്രളയം പഞ്ചായത്തിന് വരുത്തിയ കഷ്ടനഷ്ടങ്ങളുടെ വ്യാപ്തി പോലും കണക്കാക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ പഞ്ചായത്തധികൃതരും ഇരുട്ടില്‍ തപ്പുകയാണ്.
കഴിഞ്ഞമാസം 15 ന് തുടങ്ങിയ പ്രളയം മാളക്കും മറ്റും സമ്മാനിച്ചത് കനത്ത നഷ്ടം. ആഗസ്ത് 16 ന് ചാലക്കുടിപുഴ വൈന്തലയില്‍ നിന്നും ഗതിമാറി മാള വഴി അറബിക്കടലിലേക്ക് ഒഴുകിയതാണ് മാള ടൗണിലും സമീപത്തായും വെള്ളമുയരാന്‍ കാരണം. ഇത് പക്ഷേ കൊച്ചുകടവ്, എരവത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കയറിയതിനേക്കാളുമുയരത്തില്‍ വെള്ളം ഉയരുന്നതിനെ തടഞ്ഞു. റോഡുകളും പാലങ്ങളും വീടുകളും പിഴുതെറിയപ്പെട്ടു. മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്തെ നൂറോളം കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരോ കച്ചവടക്കാരനും സംഭവിച്ചിട്ടുള്ളത്.
ഗതിമാറിയെത്തിയ പുഴ മാളക്കുളത്തേയും അവിടത്തെ നിര്‍മ്മിതികളേയും തൂത്തെറിഞ്ഞാണ് നെയ്തക്കുടി പാടശേഖരത്തിലേക്ക് കടന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ലോകബാങ്ക് സഹായത്തോടെ 12 ലക്ഷം രൂപ ചെലവില്‍ നടത്തിയ നിര്‍മ്മിതികളെല്ലാം നശിച്ചു. കുളത്തിന്റെ കിഴക്ക് ഭാഗം പൂര്‍ണ്ണമായി ഇടിഞ്ഞു. മറ്റ് ഭാഗങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കുളത്തിന് ചുറ്റിലും സ്ഥപിച്ചിരുന്ന കൈവരികളും നടപ്പാതയിലെ സിമന്റ് ടൈലുകളും ഇളകിമാറി. പുനര്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രുപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
പ്രളയത്തിലെ കുത്തൊഴുക്കില്‍ ടൗണ്‍റോഡും കെ കെ റോഡും ഭാഗികമായി ഒളിച്ചുപോയി. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഈ ഗര്‍ത്തങ്ങളിലൂടെയാണ് ഒരുമാസം പിന്നിട്ടപ്പോഴും പണിപ്പെട്ട് വാഹനങ്ങള്‍ ഓടിക്കുന്നത്. കുഴികളടക്കുവാനെങ്കിലും നടപടിയായിട്ടില്ല. ടൗണ്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റേയും കെ കെ റോഡ് ജില്ലാ പഞ്ചായത്തിന്റേയും അധീനതയിലാണ്.
കൊടവത്തുകുന്നിലെ റോഡ് രണ്ടിടങ്ങളിലായി ഒലിച്ചുപോയി. പാലവും ഭാഗികമായി തകര്‍ന്നു. ഗതിമാറിയ പുഴയാണ് ഇവിടേയും നാശം വിതച്ചത്. വൈന്തോടിന്റെ കരക്ക് സമീപമുണ്ടായിരുന്ന മൂന്ന് വീടുകള്‍ തകര്‍ന്ന് വീണു. കോട്ടമുറി തെക്കുംപുറം ലക്ഷ്മി ഉണ്ണിച്ചെക്കന്‍, തെക്കുംപുറം ശാന്തവേലുക്കുട്ടി എന്നിവരുടെ വീടുകള്‍ അപ്രത്യക്ഷമായി. ഏതാനും വെട്ടുകല്ലൂകള്‍ മാത്രമാണ് പ്രളയശേഷം ലഭിച്ചത്. വെള്ളാനി മേരി വര്‍ഗ്ഗീസിന്റെ വീടും തകര്‍ന്നു. ഇവരെല്ലാം ബന്ധുവീടുകളിലാണ് താമസം. സ്വന്തം വീട്ടിലേക്ക് എന്ന് മടങ്ങാനാകുമോയെന്നത് നിശ്ചയമില്ല.
300 മീറ്ററോളം റോഡും അനുബന്ധപാലവും പുനര്‍ നിര്‍മ്മിക്കണം. ഇതിനായി പൊതുമരാമത്ത് വകുപ്പ് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കുന്നുണ്ട്. ദുരന്തനിവാരണത്തില്‍ ഉള്‍പ്പെടുത്തി തുക ലഭിക്കുന്ന മുറക്കേ നിര്‍മ്മാണം നടക്കു. റോഡ് മണ്ണിട്ട് നികത്തി ഗതാഗതം പുനസ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കോട്ടമുറികൊടവത്തുകുന്ന് റോഡില്‍ ഗതാഗതം നിലച്ചിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം ശ്രമധാനത്തിലൂടെ റോഡിന്റെ തകര്‍ന്ന ഭാഗം മണ്ണിട്ടുയര്‍ത്തിയെങ്കിലും ഇതെത്രനാള്‍ മഴയെ അതിജീവിക്കുമെന്നത് സംശയകരമാണ്.
നൂറോളം കച്ചവടസ്ഥാപനങ്ങളുടെ താഴത്തെ നിലയില്‍ ഒന്‍പതടിയിലധികം വെള്ളം ഉയര്‍ന്നു. നാലു ദിവസം കഴിയേണ്ടിവന്നു വെള്ളമിറങ്ങാന്‍. അപ്പോഴേക്കും എല്ലാം അഴുകി നശിച്ചിരുന്നു. സാധനസാമഗ്രികളെല്ലാം മാറ്റി കടമുറികല്‍ വൃത്തിയാക്കി വീണ്ടും അതിജീവനത്തിന്റെ പാതയിലാണ് വ്യാപാരികള്‍.
പകുതിയോളം കടമുറികള്‍ ഇതിനകം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ലക്ഷങ്ങള്‍ മുടക്കി വീണ്ടും കടമുറികള്‍ തുറക്കാന്‍ സാധിക്കാത്തവുരുമുണ്ട്. മുങ്ങിയവയില്‍ സബ്ബ് ട്രഷറി, ബാങ്കുകള്‍, ലാഭം ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയും ഉള്‍പ്പെടും. ഏതാനും ദിവസം മുമ്പ് മാത്രമാണ് ട്രഷറിയുടെ പ്രവര്‍ത്തനം ഭാഗികമായി പുനഃരാരംഭിക്കാനായത്. ലാഭം മാര്‍ക്കറ്റ് ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ശാഖയും തുറന്നിട്ടില്ല. താല്‍ക്കാലികമായി എസ് ബി ഐയുടെ പ്രവര്‍ത്തനം പൊയ്യ ബ്രാഞ്ചിലേക്ക് മാറ്റിയിരിക്കയാണ്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പരാതികളില്ലാതെ പൂര്‍ത്തിയായി. ക്യംപുകളുടെ പ്രവര്‍ത്തനം, വൈദ്യുതി പുനസ്ഥാപിക്കല്‍, ശുചീകരണം എന്നിവയുടെ പ്രവര്‍ത്തനം കുറ്റമറ്റനിലയിലായിരുന്നു. സന്നദ്ധ സംഘടനകളും സൈനികരും പോലീസും കൈകോര്‍ത്തായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പുനര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വേഗത നഷ്ടമാകുകയാണ്. ഇത് എന്ന്പൂര്‍ത്തീകരിക്കാനാകുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല.

RELATED STORIES

Share it
Top