പ്രളയദുരന്തം ആയിരങ്ങളുടെ ശവക്കൂന തീര്‍ക്കുമായിരുന്നു: മന്ത്രി

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയദുരന്തം ആയിരങ്ങളുടെ ശവക്കൂന തീര്‍ക്കുമായിരുന്നുവെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലയാളികളുടെ ഐക്യബോധവും കെട്ടുറപ്പുമാണു ദുരന്തം ഒഴിവാക്കിയത്. ഇതു സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മിതിക്കായി തുടരേണ്ടതുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പരമ്പരയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയദുരന്തത്തില്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. യഥാര്‍ഥ നഷ്ടം 30,000 കോടിയിലും എത്രയോ അധികമായിരിക്കും. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരണ വകുപ്പ് നിര്‍മിച്ച് നല്‍കുന്ന വീടുകള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാവും. ഏതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കാതെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും നിര്‍മാണം നടത്തുക.
പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മിതികളാവും ഇനിയുണ്ടാവുക. മൂന്നാറിലെ പുതിയ നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നത് ആലോചനയിലുണ്ട്. ഇക്കാര്യം എല്‍ഡിഎഫില്‍ ഉള്‍പ്പെടെ ഉന്നയിക്കും. പ്രളയ ദുരിതാശ്വാസത്തിനു കേന്ദ്രസഹായം പര്യാപ്തമല്ല. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ സഹായം ചോദിക്കാനാവൂ. അല്ലെങ്കില്‍ അത് മുന്‍നിര്‍ത്തി സഹായം നിഷേധിക്കുന്നതു പതിവാണ്.
പ്രധാനമന്തി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഉണ്ടായ ഭൂകമ്പത്തെ അതിജീവിക്കാന്‍ വിദേശസഹായം സ്വീകരിച്ച രീതിയില്‍ കേരളത്തിനും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുടെ സഹായം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിരക്ക് അമിതമായി വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top