പ്രളയത്തോടെ സ്തംഭിച്ച വികസന പദ്ധതികള്‍ പുനരാരംഭിക്കും: പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിന് ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നൂതന സാങ്കേതികവിദ്യാ മേഖലകളിലെ വിദഗ്ധരുടെയും സര്‍വീസില്‍ നിന്നു വിരമിച്ചവരുടെയും സേവനം ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തും. പ്രളയക്കെടുതി അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി തീരുമാനങ്ങളെടുക്കാന്‍ വിവിധ തലങ്ങളിലുള്ള മേല്‍നോട്ട സമിതികളെ നിശ്ചയിക്കും. മേല്‍നോട്ടത്തിന്റെ ഏകോപനം ചീഫ് സെക്രട്ടറി നിര്‍വഹിക്കും.
പെട്ടെന്ന് ഫലപ്രാപ്തിയുള്ള പദ്ധതികള്‍ക്ക് 10 ദിവസത്തിനകം അന്തിമരൂപം നല്‍കും. ഇതിനായി വകുപ്പുതല സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
കൃഷി, മൃഗസംരക്ഷണം, മല്‍സ്യബന്ധനം, ചെറുകിട വ്യാപാരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയുടെ പുനസ്സംഘാടനം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ എന്നിവയാണു പരിഗണിക്കുന്നത്. പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്ത് സ്തംഭിച്ച വികസന പദ്ധതികള്‍ പുനരാരംഭിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളായ ഗെയ്ല്‍ പൈപ്പ്‌ലൈന്‍, ദേശീയപാതാ വികസനം, കൂടംകുളം വൈദ്യുതി വിതരണ ശൃംഖല (ഇടമണ്‍-കൊച്ചി), സിറ്റി ഗ്യാസ് പ്രൊജക്റ്റ് എന്നീ പദ്ധതികളാണു പുനരാരംഭിക്കുക. ഇവ പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും നടപടികളും ഒക്ടോബര്‍ ഒന്നിനു മുമ്പായി സ്വീകരിക്കും.
പ്രളയബാധിത മേഖലയിലെ നിര്‍ധനര്‍ക്ക് മൂന്നു മാസത്തേക്ക് അരിയും പലവ്യഞ്ജനങ്ങളുമൊക്കെ അടങ്ങുന്ന ഉപജീവനകിറ്റ് നല്‍കും. ഇതിനായി ഭക്ഷ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
എന്‍ആര്‍ഇജിഎ പദ്ധതിയില്‍ തൊഴിലുറപ്പു ജോബ് കാര്‍ഡുള്ള ദുരിതബാധിതര്‍ക്ക് അധിക തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രത്യേക പുനരധിവാസ പാക്കേജിന് രൂപംനല്‍കുന്നതിന് നവംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ ലീവ്‌ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഉപജീവന വികസന പാക്കേജ് രൂപീകരണത്തിനും വിഭവ ലഭ്യത പദ്ധതിവിഹിതമായി കണ്ടെത്തുന്നതിനുമുള്ള ചുമതല സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍വഹിക്കും. പുനര്‍നിര്‍മാണത്തില്‍ നൂതന പ്രീഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനു നിര്‍വഹണ ചട്ടക്കൂട് തയ്യാറാക്കും. ഇതിനായി ആസൂത്രണ വകുപ്പ് അഡീഷമല്‍ ചീഫ് സെക്രട്ടറിയും പൊതുമരാമത്തു വകുപ്പു സെക്രട്ടറിയും ലൈഫ് മിഷന്‍ സിഇഒയും അടങ്ങുന്ന സെക്രട്ടറിതല സമിതിക്ക് ചുമതല നല്‍കി.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടിരൂപ വീതം കേരള പുനര്‍നിര്‍മാണത്തിനായി ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വകുപ്പുകളും ഏറ്റെടുക്കാന്‍ കഴിയുന്ന പുനര്‍നിര്‍മാണ പദ്ധതികള്‍ കണ്ടെത്തി പ്രൊജക്റ്റുകള്‍ തയ്യാറാക്കുന്നതിനു ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.
എലിപ്പനിയടക്കം വിവിധ വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ആരോഗ്യ മേഖലാ പ്രവര്‍ത്തനങ്ങളും ചിട്ടയായി മുന്നോട്ടു കൊണ്ടുപോവും. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും ആവശ്യമായി വരുന്ന ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ ഉല്‍പാദകരില്‍ നിന്ന് നേരിട്ട് ലഭ്യമാക്കാനാവശ്യമായ സംവിധാനമൊരുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഷ്ടപ്പെട്ട രേഖകളുടെയും പുസ്തകങ്ങളുടെയും വീണ്ടെടുപ്പിനും സംരക്ഷണത്തിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

RELATED STORIES

Share it
Top