പ്രളയത്തില്‍ പുഴകളിലടിഞ്ഞ മണലില്‍ കണ്ണുനട്ട് ലോബി

ഇരിട്ടി: പ്രളയത്തില്‍ ഇരിട്ടി മേഖലയിലെ പുഴകളില്‍ അടിഞ്ഞ ലോഡ് കണക്കിന് മണലില്‍ കണ്ണുനട്ട് മണല്‍കടത്തു സംഘങ്ങള്‍. ബാവലി, ബാരാപോള്‍ പുഴയുടെ തീരങ്ങളിലാണ് ശക്തമായ വെള്ളപ്പാച്ചിലില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയത്. പുഴകള്‍ കരകവിഞ്ഞൊഴുകി ചില സ്വകാര്യ വ്യക്തികളുടെ ഭൂമിയിലും വന്‍തോതില്‍ മണല്‍ അടിഞ്ഞിട്ടുണ്ട്. ബാരാപോള്‍, ബാവലി പുഴയുടെ തീരങ്ങളില്‍ കൂറ്റന്‍ മണല്‍ തിട്ടകള്‍ തന്നെ രൂപംകൊണ്ടിട്ടുണ്ട്. സര്‍ക്കാരിനു കോടികളുടെ വരുമാനം ലഭിക്കുന്ന മണല്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. മണല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ ഇല്ലാതായതോടെ മേഖലയില്‍ മണല്‍ കടത്ത് വ്യാപകമാണ്.
കടത്തുസംഘങ്ങള്‍ തൊഴിലാളികളെ കൂലിക്ക് നിര്‍ത്തിയാണ് മണല്‍ തലച്ചുമടായി പുഴയില്‍ നിന്നു കടത്തുന്നത്. ടയര്‍ ട്യൂബ് ഉപയോഗിച്ച് ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളത്തില്‍ നിന്നും മുങ്ങിവാരുന്നതും വ്യാപകമാണ്. മണല്‍ സംരക്ഷിക്കാന്‍ കാര്യമായ നടപടികളൊന്നും റവന്യൂ വകുപ്പിന്റെയും പോലിസിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ബാരാപോളില്‍ കേരളത്തിന്റെ അധീനതയിലുള്ള കര്‍ണാടക വനമേഖലയോട് ചേര്‍ന്ന് റവന്യു ഭൂമിയില്‍ അടിഞ്ഞ മണല്‍ കടത്താന്‍ കര്‍ണാടകയുടെ ഭാഗത്തു നിന്നുണ്ടായ ശ്രമം പോലിസ് ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ ബാരാപോള്‍ പുഴയുടെ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗങ്ങളിലും ബാവലി പുഴയുടെ പയഞ്ചേരി, ഇരിട്ടി, ആറളം, പാലപ്പുഴ ഭാഗങ്ങളിലും വന്‍തോതില്‍ മണല്‍ കടത്തുകയാണ്. പഴശ്ശി പദ്ധതി പ്രദേശത്തെ പ്രധാന മണല്‍ കടവുകളായ എടക്കാനം, മോച്ചേരി, പടിയൂര്‍ എന്നിവിടങ്ങളിലും രാപകല്‍ വ്യത്യാസമില്ലാതെ മണലൂറ്റുന്നുണ്ട്. ഇരിട്ടി പുഴയുടെ തീരങ്ങളിലും വന്‍തോതില്‍ മണല്‍ നിക്ഷേപം ഉണ്ടായിട്ടുണ്ട്. പഴശ്ശി അണക്കെട്ടിനോട് ചേര്‍ന്ന് പൂക്കുണ്ട് ഭാഗത്തു നിന്നു ദിനംപ്രതി നിരവധി ലോഡ് മണലാണ് കടത്തുന്നത്. മട്ടന്നൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പരിശോധന നടത്തി ലോറിയും മണല്‍ നിറച്ച ചാക്കുകളും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അതുകൊണ്ടെന്നും ഇതിനെ പ്രതിരോധിക്കാനാവുന്നില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴകളില്‍ പുതുതായി അടിഞ്ഞ മണല്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വാരി ഇ-മണല്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യാനുള്ള നടപടികള്‍ വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തേ പഴശ്ശി പദ്ധതി പ്രദേശത്തു നിന്നു ഇത്തരത്തില്‍ മണല്‍ വാരി വിതരണം ചെയ്യാന്‍ സംവിധാനം ഉണ്ടായിരുന്നു. പുഴകളില്‍ അടിഞ്ഞ മണലിന്റെ അളവും പാരിസ്ഥിതിക ആഘാതം ഇല്ലാതെ വാരാവുന്ന മണലിന്റെ അളവും കണക്കാക്കുന്നതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top