പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനം: സൈനികര്‍ക്ക് ആദരം

കണ്ണൂര്‍: കണ്ണൂരിലും സമീപജില്ലകളായ വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലും മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണൂര്‍ ഡിഎസ്‌സി സെന്റര്‍, 122 ടെറിറ്റോറിയല്‍ ആര്‍മി സൈനികര്‍ക്ക് ആദരം. രക്ഷാപ്രവര്‍ത്തനങ്ങളിലും തകര്‍ന്ന റോഡുകളും പാലങ്ങളും താല്‍ക്കാലികമായി പുനര്‍നിര്‍മിക്കുന്നതിലും ധീരവും സ്തുത്യര്‍ഹവുമായ സേവനങ്ങളാണ് സൈനികര്‍ കാഴ്ച വച്ചതെന്ന് അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും വലിയ പങ്കുവഹിക്കാന്‍ സൈനികര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി സൈനികരെ സജ്ജരാക്കിയതിനാലാണ് കലക്ടറുടെ നിര്‍ദേശം ലഭിച്ചയുടന്‍ പ്രളയബാധിത പ്രദേശങ്ങളില്‍ എത്താന്‍ സൈനികര്‍ക്ക് സാധിച്ചതെന്ന് അനുമോദനം ഏറ്റുവാങ്ങി സംസാരിച്ച ഡിഎസ്‌സി സെന്റര്‍ കേണല്‍ അജയ് ശര്‍മ പറഞ്ഞു. ഇതര ജില്ലകളില്‍നിന്ന് വ്യത്യസ്തമായി ഉരുള്‍പൊട്ടലുകള്‍ കാരണം പെട്ടെന്നുള്ള പ്രളയമാണ് ജില്ലയിലുണ്ടാവുന്നത് എന്നതിനാല്‍ തയ്യാറെടുപ്പിനുള്ള സമയം ലഭിക്കില്ല.
ഏതു സമയത്തും സജ്ജരായിരിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ടി എ ബറ്റാലിയന്‍ സുബേദാര്‍ മേജര്‍ പ്രകാശന്‍, മിലിറ്ററി ആശുപത്രിയിലെ മേജര്‍ ദിലീപ് എന്നിവര്‍ക്കും അനുമോദന ഫലകം സമ്മാനിച്ചു. നാഷനല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ടി ഡി ജോണ്‍ അധ്യക്ഷനായി. ജില്ലാ സൈനികക്ഷേമ ഓഫിസര്‍ രമചന്ദ്രന്‍ ബാവിലേരി, നാഷനല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ പരളി, ജില്ലാ സെക്രട്ടറി പി സുകുമാരന്‍, ജോയിന്റ് സെക്രട്ടറി സിറിയക് ജോസഫ്, പൂര്‍വ സൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി ആര്‍ രാജന്‍, ഓണററി ഓഫിസേഴ്‌സ് അസേസിയേഷന്‍ സെക്രട്ടറി കെ ദിനേശന്‍, ഓള്‍ കേരള എക്‌സ് സര്‍വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് സംസ്ഥാന സെക്രട്ടറി എം രാധാകൃഷ്ണന്‍ സംസാരിച്ചു. നാഷനല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപയുടെ ചെക്ക് ടി ഡി ജോണ്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

RELATED STORIES

Share it
Top