പ്രളയത്തിന്റെ തീവ്രത അടുത്തറിഞ്ഞ് കേന്ദ്രസംഘം

പത്തനംതിട്ട: പ്രളയക്കെടുതിയുടെ നാശനഷ്ടങ്ങള്‍ കണ്ടറിഞ്ഞ് കേന്ദ്ര സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. തിരുവല്ല താലൂക്കിലെ കടപ്ര വില്ലേജിലെ പുളിക്കീഴ് സീറോലാന്‍ഡ്ലെസ് കോളനിയിലാണ് സംഘം ആദ്യം എത്തിയത്. പ്രദേശവാസികളായ കടവിലേത്ത് ബിന്ദു രമേശ്, കിഴക്കേ വീട്ടില്‍ ലീന അശോക് എന്നിവരില്‍ നിന്നും കേന്ദ്ര സംഘം വിവരങ്ങള്‍ ആരാഞ്ഞു. ബിന്ദു രമേശിന്റെ വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. പ്രളയസമയത്ത് സീറോലാന്‍ഡ്ലെസ് പ്രദേശത്തുണ്ടായിരുന്ന എല്ലാ വീടുകളും മുങ്ങിപ്പോയതായി പ്രദേശവാസികള്‍ സംഘത്തെ അറിയിച്ചു.
നിരണം വില്ലേജിലെ ഡക്ക് ഫാമിലെത്തിയ സംഘം പ്രളയ കെടുതി രൂക്ഷമായ സമയത്തെ ഡക്ക് ഫാമിന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോ ഫാം അധികൃതര്‍ സംഘത്തിനു മുന്‍പാകെ അവതരിപ്പിച്ചു. ഹൈബ്രിഡ് താറാവ് ഇനമായ വിഗോവ സൂപ്പര്‍ എം എന്ന വിഭാഗത്തില്‍ പെടുന്ന 200 താറാവുകളും കുട്ടനാടിന്റെ തനത് താറാവ് ഇനങ്ങളായ കുട്ടനാടന്‍ ചാര, കുട്ടനാടന്‍ ചെമ്പല്ലി എന്നീ വിഭാഗങ്ങളില്‍ പെടുന്ന 1920 താറാവ് കുഞ്ഞുങ്ങളെയാണ് പ്രളയത്തില്‍ നഷ്ടമായത്. കുട്ടനാടന്‍ തനത് ഇനം താറാവ് കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ചത്തൊടുങ്ങിയതോടെ ഈ ഇനത്തില്‍പ്പെട്ട നാമമാത്രമായ താറാവുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. യന്ത്രസാമഗ്രികള്‍ക്കുണ്ടായ നാശനഷ്ടം, താറാവ് തീറ്റയ്ക്കുണ്ടായ നഷ്ടം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങളും ഫാം അധികൃതര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു.
ആറന്മുള തറയില്‍മുക്കില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന്റെ ഭാഗത്തെ പ്രളയ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് സംഘം പരിശോധിച്ചു. എഴിക്കാട് കോളനിയിലെ ബ്ലോക്ക് 146, 147 എന്നിവിടങ്ങളിലെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്. എഴിക്കാട് കോളനിയില്‍ മാത്രം അഞ്ച് കോടിയില്‍ അധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇവിടുത്തെ 13 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഏഴര ഏക്കര്‍ സ്ഥലത്ത് ഏകദേശം 1200 വാഴ, 800 ചേന, 700 കാച്ചില്‍ എന്നിവയ്ക്ക് ഉണ്ടായ നാശനഷ്ടം സംഘം നേരിട്ടു വിലയിരുത്തി. ഓണവിപണിയിലേക്ക് തയാറായിരുന്ന 1200 ഓളം വാഴക്കുലകളാണ് നഷ്ടപ്പെട്ടതെന്ന് കര്‍ഷകനായ ആന്റണി കുര്യന്‍ സംഘത്തോടു പറഞ്ഞു.

RELATED STORIES

Share it
Top