പ്രളയജലം ഇറങ്ങിയെങ്കിലും വീടണയാനാവാതെ ദുരിതബാധിതര്‍

ആലപ്പുഴ: പ്രളയ ജലം ഇറങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാട് സാധാരണ നിലയിലേക്കെത്താ ന്‍ ദിവസങ്ങളെടുക്കുമെന്ന വിലയിരുത്തലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമം പക്ഷേ വിജയിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനായി കുട്ടനാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രമുഖ പ്രവാസി വ്യവസായിയും ലുലുഗ്രൂപ്പ് എം ഡിയുമായ എം എ യൂസുഫലി ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായെത്തുന്നുണ്ട്. സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായഹസ്തവുമായി ദുരിതബാധിതര്‍ക്ക് നേരിട്ട് കൈമാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ ഇത്തരം സഹായങ്ങള്‍ എത്തുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായങ്ങള്‍ പോലും ജനശ്രദ്ധ കൂടുതലുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണെത്തുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രളയ ജലം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദുരിതബാധിതര്‍. ദിവസങ്ങളോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടുകള്‍ വാസയോഗ്യമാക്കണമെങ്കില്‍ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്ന് ദുരിതാശ്വാസ കേന്ദ്രത്തിലുള്ളവര്‍ പറയുന്നു.ഇതിന് നിരവധി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ എന്നതാണവസ്ഥ. അതേസമയം ദിവസങ്ങളോളം വെള്ളത്തി ല്‍ മുങ്ങിക്കിടന്ന വീടുകള്‍ക്ക് തകര്‍ച്ചാ ഭീഷണിയുണ്ടെങ്കിലും ഇത് വാസയോഗ്യമല്ലെന്ന് തെളിയിക്കാന്‍ ഇനി മുതല്‍ എല്‍ എസ് ജി ഡി എന്‍ജിനീയര്‍ കൂടി സര്‍ട്ടിഫൈ ചെയ്യണം. നേരത്തെ വില്ലേജ് ഓഫിസര്‍ സര്‍ട്ടിഫൈ ചെയ്താല്‍ മതിയായിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനവും ദുരിതബാധിതരെ വലക്കുന്നുണ്ട്.
ഇന്നലെ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആകെ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്‍ഷിക മേഖലയില്‍ ഇന്നലെ മാത്രം 2.35 കോടിയുടെ നാശനഷ്ടമുണ്ടായി. കിടാരികള്‍, കോഴി, താറാവ്, കാട എന്നിവ ചത്തും തൊഴുത്തുകള്‍ നശിച്ചും 4.54 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിന് ആവശ്യമായ പ്രതിരോധ മരുന്നുകളുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അതിനിടെ അമ്പലപ്പുഴയിലെ ചില കേന്ദ്രങ്ങളില്‍ ക്യാമ്പംഗങ്ങളില്‍ പനിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചിലത് പിരിച്ചുവിട്ടപ്പോള്‍ കുട്ടനാടും കാര്‍ത്തികപ്പള്ളിയിലും കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിച്ചു. നിലവില്‍ 251 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 15979 കുടുംബങ്ങളില്‍ നിന്നുള്ള 65553 പേര്‍ താമസിക്കുന്നുണ്ട്.
കുട്ടനാട്ടിലും ചെങ്ങന്നൂരിലുമായി 478 കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളിലായി 29631 കുടുംബങ്ങളില്‍ നിന്നുള്ള 1.17 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു ആലപ്പുഴചങ്ങനാശ്ശേരി റോഡില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി നിര്‍ത്തിവെച്ചിരുന്ന കെ എസ് ആര്‍ ടി സി സര്‍വീസ് ഇന്നലെ ഭാഗികമായി പുനസ്ഥാപിച്ചു. ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് പള്ളിക്കുട്ടുമ്മ ജംഗ്ഷന്‍ വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ട്.
ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലെ കൈനകരിയിലേക്കും ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇന്നോ നാളെയോ എ സി റോഡില്‍ പൂര്‍ണതോതില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കെ എസ്  ആര്‍ ടി സി അധികൃതര്‍.

RELATED STORIES

Share it
Top