പ്രളയക്കെടുതി: 10000 രൂപ വിതരണം വേഗം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ ഉപസമിതിയോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം 7നകം പൂര്‍ത്തിയാക്കണം. കാണാതായവരില്‍ ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബങ്ങള്‍ക്കും വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കണം. ഓഖി ദുരന്തമുണ്ടായപ്പോള്‍ സ്വീകരിച്ച നടപടിക്രമം ഇക്കാര്യത്തിലും അനുവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കും. എലിപ്പനി പ്രതിരോധമരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധമരുന്ന് കഴിച്ചവരല്ലെന്ന് ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ റിപോര്‍ട്ട് ചെയ്തു. മരുന്ന് ലഭിച്ചവര്‍ തന്നെ അതു കഴിക്കാന്‍ തയ്യാറാവാതിരുന്നതാണ് പ്രശ്‌നമായതെന്ന് അദ്ദേഹം പറഞ്ഞു. പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് കൊതുകുജന്യരോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും കൊതുകുനശീകരണത്തിന് കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചു. വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ ബാക്കിയുള്ളവ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡം യോഗം അംഗീകരിച്ചു. വിതരണം പെട്ടെന്ന്് പൂര്‍ത്തിയാക്കുന്നതിന് കുടുംബശ്രീ യൂനിറ്റുകളെ കൂടി ചുമതലപ്പെടുത്തും. പ്രളയം ബാധിച്ച കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അടിയന്തരമായി നോട്ടുപുസ്തകം ലഭ്യമാക്കും. മാലിന്യസംസ്‌കരണം ഊര്‍ജിതമായി നടത്തും. ഇതിനകം 32,000 ടണ്‍ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുള്ളൂ. സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയായി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ പി എച്ച് കുര്യന്‍, രാജീവ് സദാനന്ദന്‍, ടി കെ ജോസ് പങ്കെടുത്തു.

RELATED STORIES

Share it
Top