പ്രളയക്കെടുതി ഭൂമി കണ്ടെത്തി വീട് നിര്‍മാണം: മാര്‍ഗരേഖ തയ്യാറായി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
പരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാവാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കണം. ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് അതിന് അവസരം നല്‍കണം. നിബന്ധനപ്രകാരമുള്ള ധനസഹായവും ഇവര്‍ക്ക് നല്‍കണം.
സ്വന്തമായി ഭൂമി വാങ്ങാനാവാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂമി കണ്ടെത്തണം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉപയോഗിക്കാതെയുള്ള ഭൂമി, സര്‍ക്കാര്‍ വകുപ്പുകളുടെ ഏതെങ്കിലും പദ്ധതിക്ക് നീക്കിവച്ചതില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഭൂമി, ഫലദായകമല്ലാത്ത പ്ലാന്റേഷനുകള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കാം. മേല്‍പ്പറഞ്ഞരീതികളില്‍ ഭൂമി ലഭ്യമാവാത്ത ഇടങ്ങളില്‍ ഭവനസമുച്ചയത്തിനാവശ്യമായ ഭൂമി വാങ്ങാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശമോ, വെള്ളപ്പൊക്കസാധ്യതയുള്ളതോ ആയിരിക്കരുത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കണം.

RELATED STORIES

Share it
Top