പ്രളയക്കെടുതി: പുനരധിവാസ പാക്കേജ് വേണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയി ല്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ വ്യാപാരി, വ്യവസായി സമൂഹത്തിന് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്.
സമര പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറേറ്റ് ഉപരോധിച്ചു നിര്‍വഹിക്കും. ഉപരോധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ ഉപാധ്യക്ഷനുമായ രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. ഇന്നു രാവിലെ 9ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നു മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് 9.30ന് കലക്ടറേറ്റ് പടിക്കല്‍ ഉപരോധസമരം ആരംഭിക്കും. പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ വ്യാപാര, വ്യവസായ മേഖയ്ക്കാകെ 15000 കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടമുണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിരവധി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനു നികുതിയിനത്തിലും ലൈസന്‍സ് ഫീസ് പോലുള്ളവയിലൂടെയും കോടിക്കണക്കിനു രൂപ ഉണ്ടാക്കിക്കൊടുക്കുകയും കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളുമായ വ്യാപാരി, വ്യവസായി സമൂഹത്തിനു മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും യാതൊരുവിധ പാക്കേജുകളും പ്രഖ്യാപിച്ചില്ല. ബാങ്ക് വായ്പകളും വട്ടിപ്പലിശ്ശക്കാരില്‍ നിന്നു വായ്പയുമെടുത്തു സ്വന്തമായി ജീവിതമാര്‍ഗം കണ്ടെത്തിയവരാണു വ്യാപാരി സമൂഹം. എല്ലാം നഷ്ടപ്പെട്ട് വലിയ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണു തങ്ങളെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top