പ്രളയക്കെടുതി; കേന്ദ്രസംഘം ജില്ല സന്ദര്‍ശിച്ചു

മലപ്പുറം: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നീതി ആയോഗ് അഡ്വയ്‌സര്‍ ഡോ. യോഗേഷ് സൂരി, ജോയിന്റ് അഡൈ്വസര്‍ അവിനാശ് മിശ്ര, കേന്ദ്ര സര്‍ക്കാരിന്റ ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ അഡീഷണല്‍ അഡൈ്വസര്‍ ഡോ. ദിനേഷ്ചന്ദ്, കേന്ദ്ര റോഡ് ട്രാന്‍സ്—പോര്‍ട്ട് ആന്റ് ഹൈവെ തിരുവനന്തപുരം മേഖല ഓഫിസിലെ റീജ്യണല്‍ ഓഫിസര്‍ വി വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് പര്യടനം നടത്തിയത്. രാവിലെ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിനു ശേഷമാണ് സംഘം സന്ദര്‍ശനം തുടങ്ങിയത്.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍ പ്രളയത്തിന്റെ ദുരിതങ്ങളും നാശനഷ്ടങ്ങളും സംഘത്തോട് വിവരിച്ചു. മികച്ച രീതിയില്‍ സര്‍ക്കാര്‍ സംവിധാനവും സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനം നടത്തിയതായി സംഘം അഭിപ്രായപ്പെട്ടു. ജില്ലയില്‍ കനത്ത നാശമുണ്ടായ നിലമ്പൂര്‍, കരുവാരക്കുണ്ട് മേഖലകളാണു സംഘം സന്ദര്‍ശിച്ചത്.
മമ്പാടിനടുത്ത ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിസരത്താണ് സംഘം ആദ്യ സന്ദര്‍ശനം നടത്തിയത്. കനത്ത മഴമുലമുണ്ടായ ഉറവയും റോഡിന്റെ മറുഭാഗത്തുനിന്നുള്ള മലവെള്ളപ്പാച്ചിലും മൂലം ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്നത് സംഘം സന്ദര്‍ശിച്ചു.
പ്രളയത്തില്‍ തകര്‍ന്ന നിലമ്പൂര്‍ പമ്പ് ഹൗസാണ് അടുത്തതായി സന്ദര്‍ശിച്ചത്.പന്തീരായിരം വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാഞ്ഞിരംപുഴ കരകവിഞ്ഞ് ഗതിമാറി ഒഴുകിയതു മൂലം തകര്‍ന്ന നമ്പൂരിപ്പൊട്ടിയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ സംഘം വീട്ടുകാരോട് വിവരങ്ങള്‍ ആരാഞ്ഞു. മലവെള്ളപ്പാച്ചിലില്‍ ഉപയോഗശൂന്യമായ പരിസരത്തെ ഭൂമിയും സംഘം സന്ദര്‍ശിച്ചു.
ആഢ്യന്‍പാറയ്ക്ക് സമീപം ഉള്‍വനത്തില്‍ ഉരുള്‍ പൊട്ടിയതുമൂലമുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന മതില്‍മൂല പട്ടികജാതി കോളനിയാണ് സംഘം തുടര്‍ന്ന് സന്ദര്‍ശിച്ചത്. കാഞ്ഞിരംപുഴ ഗതിമാറിയൊഴുകി ഈ കോളനിയിലെ 54 വീടുകളില്‍ 16 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.
കുത്തൊഴുക്കില്‍ കൂറ്റന്‍ പാറകളും പടുകൂറ്റന്‍ വൃക്ഷങ്ങളും കോളനിയിലെ വീടുകളിലേക്ക് അതിവേഗത്തില്‍ പതിച്ചതു മൂലം വീടുകളില്‍ പലതും ഒലിച്ചുപോയിരുന്നു. ഉരുള്‍പൊട്ടലില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറു പേരുടെ മരണത്തിനിടയാക്കിയ ചെട്ടിയാംപാറയിലെ ദുരന്തഭൂമിയും സംഘം സന്ദര്‍ശിച്ചു.
കാളികാവിനടുത്ത വെന്തോടംപടി പാലം, വണ്ടൂര്‍ നടുവത്ത് മലവെള്ളപ്പാച്ചിലില്‍ റോഡ് കുറുകെ പിളര്‍ന്ന പ്രദേശം, കരുവാരക്കുണ്ടിനടുത്ത തുരുമ്പോട വിസിബി തുടങ്ങിയ പ്രദേശങ്ങളും, കരുവാരക്കുണ്ടിനടുത്ത ചേരിയില്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഭൂമി തകര്‍ന്ന് കൃഷിനാശമുണ്ടായ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു.
എഡിഎം വി രാമചന്ദ്രന്‍, ഡപ്യുട്ടി കലക്ടര്‍ (നോഡര്‍ ഓഫിസര്‍) ഡോ. ജെ ഒ അരുണ്‍ ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, അഡീഷണല്‍ തഹസില്‍ദാര്‍ മുരളി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി സിജി എം തങ്കച്ചന്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിവര്‍ സംഘത്തെ അനുഗമിച്ചു.

RELATED STORIES

Share it
Top