പ്രളയക്കെടുതി: ആനുകൂല്യം നല്‍കുന്നതിലെ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണമെന്ന്

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു യുഡിഎഫ് നേതാക്കളായ അനൂപ് ജേക്കബ് എംഎല്‍എ, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണം ആത്മാര്‍ഥമായി മുന്നോട്ടുപോവാന്‍ വീടുകള്‍ അടക്കമുള്ളവയുടെ നാശനഷ്ടങ്ങളുടെ കണക്ക് ശാസ്ത്രീയമായി വിലയിരുത്തണം. ഭാഗികവും പൂര്‍ണവുമായി തകര്‍ന്ന വീടുകള്‍ക്ക് നിലവിലുള്ള മാനദണ്ഡ പ്രകാരം നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. വീടുകള്‍ക്ക് 15 ശതമാനം നാശം സംഭവിച്ചവര്‍ക്ക് 5,200 രൂപ മാത്രമാണ് ലഭിക്കുക. എന്നാല്‍, ഈ വീടും വാസയോഗ്യമായിരിക്കില്ല. എന്നിരിക്കെ, ലഭിക്കുന്ന നഷ്ടപരിഹാരം കൊണ്ടും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടാക്കിയ മാനദണ്ഡങ്ങളാണ് അതിരൂക്ഷമായ ബാധിച്ച ഈ കാലവര്‍ഷക്കെടുതിയിലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആശ്രയിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയവും കര്‍ഷകരുടെ കടങ്ങള്‍ക്ക് പര്യാപ്തമല്ല. കാര്‍ഷിക വിളകള്‍ക്ക് ഭീമമായ നാശനഷ്ടങ്ങളുണ്ടെന്നു പറയുമ്പോഴും പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ചു പറയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രളയത്തിന് ഇരയായവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ് കര്‍ത്തവ്യം നിര്‍വഹിച്ചതെന്നും അവര്‍ പറഞ്ഞു. മഹാപ്രളയത്തില്‍ നാശനഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡാമുകള്‍ തുറന്നുവിട്ടതാണ്. ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഇതിന്റെ ഫലമാണ് പ്രളയക്കെടുതി വര്‍ധിക്കാനിടയാക്കിയത്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ന്യൂനതകള്‍ നില്‍ക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ജനപ്രതിനിധികളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കണം. ഡാമുകള്‍ തുറന്നുവിട്ടതിനെതിരേ പ്രതികരിച്ച എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാനുള്ള അവസരം നിഷേധിച്ചതു ജനാധിപത്യവിരുദ്ധ നടപടിയാണെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. നടവയല്‍ സിഎം കോളജില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമണ് അഴിച്ചുവിട്ടത്. എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിക്കുകയും മുസ്ലിം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയുമുണ്ടായി. എട്ടിലധികം വാഹനങ്ങളാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ തകര്‍ത്തത്. കോളജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവ് ഗഫൂറിനെ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം അറസ്റ്റ് ചെയ്ത് കമ്പളക്കാട് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ ലോക്കപ്പില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയുണ്ടായി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ പി കെ ജയലക്ഷ്മി, എം സി സെബാസ്റ്റ്യന്‍, ടി കെ ഭൂപേഷ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top