പ്രളയക്കെടുതിയെ തുടര്‍ന്ന് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തര്‍ക്കം

അങ്കമാലി: പ്രളയക്കെടുതിയെ തുടര്‍ന്ന് എല്‍ഡി എഫും യുഡിഎഫും തമ്മില്‍ തര്‍ക്കം. പ്രളയബാധിതരെ സഹായിക്കുവാന്‍ റോജി എം ജോണ്‍ എംഎല്‍എ തുടങ്ങിവച്ച അതിജീവനം പദ്ധതിക്കെതിരേ സിപിഎം രംഗത്ത് എത്തിയതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തര്‍ക്കമുണ്ടായത്.
അതിജീവനം പദ്ധതിയുടെ ഭാഗമായി അങ്കമാലി ഗസ്റ്റ്ഹൗസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു സി പിഎം പ്രവര്‍ത്തകര്‍ അങ്കമാലി ഗസ്റ്റ് ഹൗസ് ഉപരോധിച്ചു. ഉപരോധസമരത്തെ കുറിച്ച് അറിഞ്ഞ റോജി എം ജോണ്‍ എംഎല്‍എ ഗസ്റ്റ്ഹൗസില്‍ എത്തിയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസില്‍ ഒത്തുകൂടിയത് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് അങ്കമാലി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് പോലിസുകാര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശനം നടത്തി ഗസ്റ്റ്ഹൗസില്‍ ഇരുന്ന സാധനങ്ങള്‍ മുറിയില്‍ സീല്‍ ചെയ്തായിരുന്നു മടങ്ങിയത്.
ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടതിനു ശേഷമാണ് സാധനങ്ങള്‍ ഇരുന്ന മുറികള്‍ പൂട്ടി സീല്‍ ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇരുമുന്നണികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരത്തിന് സിപിഎം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ കെ ഷിബു, സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം പി ജെ വര്‍ഗീസ്, സിഐടി യു നേതാവ് ടി പി ദേവസിക്കുട്ടി നേതൃത്വം നല്‍കി. സംഭവത്തിനു ശേഷം ഇരുമുന്നണികളും അങ്കമാലി പട്ടണത്തില്‍ പ്രകടനം നടത്തി. പ്രളയ ബാധിതരായ വീടുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അനുവാദത്തോടു കൂടി അങ്കമാലി റെസ്റ്റ്ഹൗസ് കേന്ദ്രമായി വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. അങ്കമാലി എഇഒയും ബിആര്‍സിയും തയ്യറാക്കിയ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ അതാത് സ്‌കൂളുകള്‍ വഴി സ്‌കൂള്‍ മാനേജ്‌മെന്റും പിറ്റിഎ യുമായി സഹകരിച്ചാണ് ഇത് നല്‍കികൊണ്ടിരിക്കുന്നത്.
6000 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഇനി ബാക്കിയുള്ളത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട അങ്കണവാടി കുട്ടികള്‍ക്കും പ്രീകെജി വിദ്യാര്‍ഥികള്‍ക്കും നല്‍കുവാന്‍ ഉള്ളതാണ്. അത് നേരത്തെ തന്നെ പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുള്ളതുമാണ്. ഈ ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ അത് വിതരണം ചെയ്യാനുള്ളതും അതിന്റെ അറിയിപ്പ് സിഡിപിഒയും ബിആര്‍സിയും വഴി നല്‍കിയിട്ടുള്ളതുമാണ്. ആലുവ തഹസില്‍ദാര്‍ നേരിട്ടെത്തി ഈ വസ്തുതകള്‍ പരിശോധിക്കുകയും തികച്ചും സുതാര്യമായി ഇത് നടക്കുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായിട്ടുള്ള പഠനോപകരണങ്ങളുടെ വിതരണം തടസ്സപ്പെടുത്തുവാനാണ് സിപിഎം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രി പോലും പങ്കെടുത്ത ഒരു പരിപാടി അട്ടിമറിക്കാന്‍ അങ്കമാലിയില്‍ സിപിഎം ശ്രമിക്കുന്നത് തികച്ചും അപഹാസ്യവും പ്രളയ ബാധിതരോടുള്ള വെല്ലുവിളിയുമാണന്നും റോജി എം ജോണ്‍ എംഎല്‍ എ വക്ത്യമാക്കി. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് ഒരിക്കിലും സ്വന്തം പേര് ഉപയോഗിക്കുവാന്‍ പാടില്ല. ഇത് ചട്ടവിരുദ്ധമാണ.് മാത്രവുമല്ല ഈ പദ്ധതിയുടെ പേരില്‍ വന്‍ പിരിവാണ് നടത്തിയതെന്നും ഇതില്‍ അഴിമതിയുണ്ടന്നും കെ കെ ഷിബു വ്യക്തമാക്കി.

RELATED STORIES

Share it
Top