പ്രളയക്കെടുതിധനസഹായ വിതരണത്തില്‍ കാലതാമസമരുത്: എസ്ഡിപിഐ

തിരൂര്‍: തിരൂര്‍ താലൂക്കില്‍ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിച്ചര്‍ക്കുള്ള ധനസഹായ വിതരണം വേഗത്തിലാക്കണമെന്ന് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. വില്ലേജ് ഓഫിസുകളില്‍ ദുരന്തബാധിതര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ധനസഹായം ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്.
പ്രളയം രൂക്ഷമായി ബാധിച്ച തിരൂര്‍ താലൂക്കിലെ പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ ദുരിതം ബാധിച്ച 500ല്‍പരം ആളുകള്‍ക്കാണ് ധനസഹായം ലഭിക്കത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളജനത അകമഴിഞ്ഞ് സംഭാവന നല്‍കിയിട്ടും ധനസഹായ വിതരണത്തില്‍ അലംഭാവം കാണിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ല. രാഷ്ട്രീയക്കളിയുടെ ഭാഗമായി ചിലയിടങ്ങളില്‍ അനര്‍ഹരായിട്ടുള്ളവര്‍ക്ക് ധനസഹായം ലഭിച്ച സാഹചര്യത്തില്‍ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ അര്‍ഹരായ ആളുകള്‍ക്ക് ധനസഹായം നല്‍കാതിരിക്കുന്നതു നീതികരിക്കാവുന്നതല്ല.
വില്ലേജ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് ലഭിക്കാത്തവര്‍ താലൂക്ക് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസ്ഥയാണുള്ളത്. ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹര്‍ക്ക് ധനസഹായം ലഭിക്കുന്ന സാഹചര്യം തടയണമെന്നും എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അലവി കണ്ണംകുളം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീസ് പുറത്തൂര്‍, മണ്ഡലം നേതാക്കളായ സി പി മുഹമ്മദലി തിരൂര്‍, മന്‍സൂര്‍ മാഷ്, ആബിദ് മാഷ്, റഫീഖ് തിരൂര്‍, മുഹമ്മദലി വാണിയന്നൂര്‍, മുസ്തഫ പൊന്മുണ്ടം സംസാരിച്ചു.

RELATED STORIES

Share it
Top