പ്രളയക്കെടുതിക്കിടെ ചിന്നക്കനാലില്‍ വന്‍ ഭൂമികൈയേറ്റം

സി എ സജീവന്‍

തൊടുപുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലം മുതലെടുത്ത് ചിന്നക്കനാലില്‍ വന്‍ ഭൂമി കൈയേറ്റം. സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു കേസില്‍ കിടക്കുന്ന ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലി റോഡില്‍ മോണ്ട് ഫോര്‍ട്ട് സ്‌കൂളിനു താഴെ എതിര്‍ഭാഗത്തുള്ള ലക്ഷക്കണക്കിനു രൂപ വിലവരുന്ന രണ്ടു ഹെക്റ്റര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. മുമ്പ് റവന്യൂ വകുപ്പ് ഒഴിപ്പിച്ച ഭൂമിയാണ് ഇത്. വീണ്ടും സ്വകാര്യ വ്യക്തി സ്വന്തമാക്കി വേലികെട്ടിയെടുത്തിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് കൈയേറ്റമെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭൂസംരക്ഷണസേനയും റവന്യൂ ഉദ്യോഗസഥരും ചേര്‍ന്ന് ഷെഡും മറ്റും പൊളിച്ചുനീക്കി ഒഴിപ്പിക്കുകയായിരുന്നു. പാലായിലെ സ്ഥിരം താമസക്കാരനാണ് കൈയേറ്റത്തിനു പിന്നില്‍.
സ്ഥലത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന ആധികാരിക രേഖകളൊന്നും ഹാജരാക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് റവന്യൂ അധികൃതരുടെ ഒഴിപ്പിക്കല്‍. എന്നാല്‍, ഹൈക്കോടതിയെ സമീപിച്ചതോടെ രേഖകള്‍ ഹാജരാക്കാനും മറ്റുമായി നാലുമാസം സമയം അനുവദിച്ചു. ഹൈക്കോടതി ഉത്തരവ് ആദ്യം നാലുമാസത്തേക്കാണ് ലഭിച്ചത്. പിന്നീട് അത് ദീര്‍ഘിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഭൂമിയില്‍ വേലികെട്ടിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഭൂമിയില്‍ അനധികൃതമായി കടക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതു ലംഘിച്ച് ഇയാള്‍ ഭൂമിയിലുണ്ടായിരുന്ന യൂക്കാലി മരങ്ങള്‍ വെട്ടിനീക്കി. താല്‍ക്കാലിക വീടും ഭൂമിക്കു ചുറ്റും വേലിയും കെട്ടി.
നാടാകെ പ്രളയക്കെടുതിയുടെ പിന്നാലെയായിരുന്നതിനാല്‍ കൈയേറ്റത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ആദിവാസിയാണെന്ന് അവകാശപ്പെട്ടാണ് ഭൂമിയില്‍ കടന്നുകയറിയതെന്നു റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, ഇത്തരത്തിലുള്ള രേഖകളൊന്നും പക്കലുണ്ടായിരുന്നതുമില്ല. ഭൂമി കൈയേറ്റം സംബന്ധിച്ച് ഭൂസംരക്ഷണസേന ഉടുമ്പഞ്ചോല തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top