പ്രളയം: സര്‍ക്കാര്‍ അന്വേഷണത്തെ ഭയക്കുന്നു- എന്‍ കെ പ്രേമചന്ദ്രന്‍ എംപി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ തുറന്നത് തന്നെയാണ് പ്രളയത്തിന് കാരണമെന്നും വസ്തുതകള്‍ സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇതിന്‍മേലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഴുവന്‍ ഡാമുകളും തുറന്നുവിട്ടതിന്റെയും മഴയുടെയും കാര്യങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണം. വൈദ്യുതി വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിന്ന് തുറന്നുവിടുന്ന ജലം എത്തുന്ന ജലവകുപ്പിന്റെ ഡാമുകളെക്കുറിച്ച് മന്ത്രി മാത്യു ടി തോമസ് പ്രതികരിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ പ്രളയം സംബന്ധിച്ച കേന്ദ്ര ജലകമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നിട്ടില്ല. റിപോര്‍ട്ടില്‍ അച്ചന്‍കോവിലാറില്‍ പുതിയ റിസര്‍വോയര്‍ വേണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തകരാറുണ്ടായാല്‍ ഈ വെള്ളം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് കഴിയുമെന്നും പറയുന്നു.പമ്പ- അച്ചന്‍കോവിലാര്‍ പദ്ധതിയും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദങ്ങള്‍ നിരാകരിക്കുന്നതും നിഷ്പ്രഭമാക്കുന്നതുമാണ് ഈ റിപോര്‍ട്ട്. പമ്പ- അച്ചന്‍കോവിലാറുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതിയിലും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയിലും വാദം കേള്‍ക്കാനിരിക്കുകയാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ജല വിഭവവകുപ്പും കേന്ദ്ര ജല കമ്മീഷന്റെ റിപോര്‍ട്ട് അംഗീകരിക്കുന്ന പക്ഷം കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കപ്പെടുമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top