പ്രളയം: മാവൂര്‍-കോഴിക്കോട് റോഡ് തകര്‍ന്നു

മാവൂര്‍: മാവൂര്‍- കോഴിക്കോട് റോഡ് കനത്ത പേമാരിയിലും വെള്ളപൊക്കത്തിലും തകര്‍ന്നു. ചെറൂപ്പ മുതല്‍ പാറമ്മല്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും പടര്‍ന്ന് പന്തലിച്ച കൂറ്റന്‍ ചീനി മരങ്ങള്‍ കടപുഴകി വീണാണ് തകര്‍ന്നത്. ആറിലധികം സ്ഥലത്താണ് റോഡിന്റെ മധ്യഭാഗം വരെ തകര്‍ന്നത്. ശേഷിക്കുന്ന ഭാഗത്ത്  വിണ്ടുകീറി അപകടാവസ്ഥയിലാണ്. നാല് മരങ്ങള്‍ കഴിഞ്ഞ ദിവസമാണ് നിലംപൊത്തിയത്. കല്‍പള്ളിയില്‍ രണ്ടും കോളക്കോട്ടുവളവിലും ചെറൂപ്പ മില്ലിനു സമീപം ഒന്നു വീതവും കടപുഴകി. ഇവയെല്ലാം നീര്‍ത്തടങ്ങളിലേക്ക് വീണതിനാലാണ് റോഡിന്റെ പകുതിയോളം ഇടിഞ്ഞത്. ബുധനാഴ്ച രാത്രി കാര്യാട്ട് രണ്ടെണ്ണം ഒന്നിച്ചു വീണിരുന്നു. ഇവിടെയും റോഡ് ഇടിഞ്ഞു. വൈദ്യുതി ബന്ധം താറുമാറാവുകയും റേഷന്‍ ഷാപ്പ് കെട്ടിടമടക്കം തകരുകയും ചെയ്തു. റോഡ് ഇടിഞ്ഞതോടെ തിരക്ക് പിടിച്ച കോഴിക്കോട് -മാവൂര്‍ റോഡില്‍ ഗതാഗത സ്തഭനം രൂക്ഷമായി. അപകട ഭീഷണിയി നിരവധി വന്‍ മരങ്ങള്‍ ഈ റോഡിന്റെ ഇരുവശത്തുമുണ്ട്. പലതും ഏതു നിമിഷവും വീഴുമെന്ന സ്ഥിതിയിലാണ്. കല്പള്ളി പാലത്തിന്റെ രണ്ട് അറ്റത്തുള്ള ചീനി മരങ്ങളും ഭീഷണിയായതിനാല്‍ അധികൃതര്‍ കൊമ്പുകള്‍ മുറിച്ചു മാറ്റി. പാലത്തിന്റെ അപ്രോച്ച് റോഡിന് വിള്ളലുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച  കല്പള്ളി പാലം വീതി കൂട്ടി നടപാതയോടെ പുനര്‍നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കടുത്ത വേനലില്‍ യാത്രക്കാര്‍ക്ക് തണലേകിയ നല്‍കിയ വന്‍മരങ്ങളാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കും റോഡിനും ഭീഷണിയാകുന്നത്. ചെറുപ്പ മുതല്‍ പാറമ്മല്‍ വരെയുള്ള റോഡ് വെള്ളക്കെട്ടുള്ള ഭാഗം വീതി കൂട്ടി കൈവരി സ്ഥാപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള  ആവശ്യം ഇതുവരെ അധികൃതര്‍ ചെവി കൊണ്ടിട്ടില്ല. നിയന്ത്രണം വിട്ട് വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ വീഴുക പതിവാണ്. തകര്‍ന്ന റോഡ് ഇ ടി മുഹമ്മദ് ബഷീര്‍, പി ടി എ റഹീം എംഎല്‍എ എന്നിവര്‍ സന്ദര്‍ശിച്ചു. ഇടിഞ്ഞ ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണി നടത്താനും ഭീഷണിയിലായ ശിഖരങ്ങളും മരങ്ങളും മുറിച്ചു മാറ്റാനും നടപടിയെടുത്തിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച തന്നെ പിഡബ്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top