പ്രളയം: മത്സ്യബന്ധന മേഖലയ്ക്ക് 16.10 കോടി രൂപയുടെ നാശനഷ്ടം

കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പ്രാഥമിക കണക്കെടുപ്പില്‍ 16.10 കോടി രൂപയുടെ നഷ്ടം. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപാട് സംഭവിച്ചതിനാല്‍ പലര്‍ക്കും മത്സ്യ ബന്ധനത്തിന് പോവാന്‍ പറ്റാത്ത അവസ്ഥയാണ്. മത്സ്യബന്ധന മേഖലയിലെ നാശനഷ്ടകണക്ക് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് മുഖേനയാണ് ശേഖരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ 150 വീടുകള്‍ പൂര്‍ണമായും 270 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 380 കുടുംബങ്ങളുടെ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നഷ്ടമായി. 71 മത്സ്യബന്ധനയാനങ്ങളും 552 വലകളും ഉപയോഗയോഗ്യമല്ലാതായി. മത്സ്യക്കൃഷി മേഖലയില്‍ മാത്രം നഷ്ടം 8.7 കോടി രൂപയാണ്. 578.1 ഹെക്ടറില്‍ മത്സ്യക്കൃഷി നശിച്ചു.പുത്തന്‍വേലിക്കര, കടമക്കുടി, ചേന്ദമംഗലം, കൊച്ചുതുരുത്ത്, കോട്ടയില്‍ കോവിലകം, കൂനമ്മാവ്, തട്ടാംപടി, വെള്ളോട്ടുപുറം, പട്ടണം, ഏഴിക്കര, ചിറ്റാറ്റുകര, ഏലൂര്‍, അയിരൂര്‍ വടക്കേക്കര, ആലങ്ങാട്, കൊങ്ങോര്‍പ്പിള്ളി, എടയാര്‍, മുപ്പത്തടം, പാനായിക്കുളം, മേത്തല, മാഞ്ഞാലി, നീറിക്കോട്, തുരുത്തിപ്പുറം, മൂത്തകുന്നം, ചെറായി, കുഞ്ഞിത്തൈ, കൂട്ടുകാട്, ചക്കമശ്ശേരി, വടക്കുംപുറം, പാലിയംതുരുത്ത്, കരിമ്പാടം, കുമാരമംഗലം, കുത്തിയതോട്, പഴമ്പിള്ളിത്തുരുത്ത്, ഗോതുരുത്ത്, കോട്ടയില്‍, തെക്കുംപുറം എന്നീ പ്രദേശങ്ങളിലെയും മറ്റു ഉള്‍നാടന്‍ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളേയും മത്സ്യകര്‍ഷകരേയും ആണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. പല മത്സ്യകര്‍ഷകരുടെ ഫാമുകളും കൂടുകൃഷികളും പൂര്‍ണമായും ഭാഗീകമായും നശിച്ചിട്ടുണ്ട്. പല ഫാമുകളിലും വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ വെള്ളം കയറി വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പ്രളയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം 250 മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷിന്റെയും എസ് ശര്‍മ എംഎല്‍എയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കാളമുക്ക്, ചെല്ലാനം ഹാര്‍ബറുകളില്‍ നിന്നും കരജലമാര്‍ഗങ്ങളിലൂടെയാണ് പ്രളയമേഖലകളിലേക്ക് ബോട്ടുകളും വള്ളങ്ങളും എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ചെല്ലാനം, ഞാറയ്ക്കല്‍, വൈപ്പിന്‍, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, നായരമ്പലം എന്നീ പ്രദേശങ്ങളില്‍ നിന്നും 879 മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top