പ്രളയം: നിലച്ചത് 8 ചെറുകിട ജലവൈദ്യുത പദ്ധതികള്‍

സി എ സജീവന്‍

തൊടുപുഴ: പ്രളയക്കെടുതിയില്‍ സ്വകാര്യസംരംഭകരുടെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും ഉള്‍പ്പെടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുണ്ടായത് 100 കോടിയിലേറെ രൂപയുടെ നഷ്ടം. വെള്ളപ്പൊക്കത്തില്‍ തകരാറിലായ ലോവര്‍ പെരിയാര്‍ ഉള്‍െപ്പടെയുള്ള വന്‍കിട പദ്ധതികള്‍ കൂടാതെയുള്ള കണക്കാണിത്.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇഎംസി) മേല്‍നോട്ടം വഹിക്കുന്ന സ്വകാര്യ സംരംഭകരുടെ നാല്, വൈദ്യുതി ബോര്‍ഡിന്റെ നാല് എന്നിങ്ങനെ എട്ട് ചെറുകിട പദ്ധതികളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. വൈദ്യുതി ബോര്‍ഡിനു കീഴിലെ റാന്നി-പെരിനാട്, വെള്ളത്തൂവല്‍, ആര്യമ്പാറ, മാട്ടുപ്പെട്ടി എന്നീ ചെറുകിട ജലവൈദ്യുത നിലയങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം നിലച്ചത്.
അതേസമയം, ഇഎംസിയുടെ മേല്‍നോട്ടത്തിലുള്ള നാല് സ്വകാര്യ വൈദ്യുതോല്‍പാദന സംരംഭങ്ങളാണ് പ്രളയത്തില്‍ നാമാവശേഷമായത്. ഇരുട്ടുകാനം (4.5 മെഗാവാട്ട്), ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കല്ലാര്‍ (50 കിലോവാട്ട്), മാങ്കുളം (110 കിലോവാട്ട്), പതങ്കയം (ഏഴ് മെഗാവാട്ട്) എന്നിവയ്ക്കാണു നാശം നേരിട്ടത്. ഇവയില്‍ കൂടുതല്‍ നാശമുണ്ടായത് ഇരുട്ടുകാനം പദ്ധതിക്കാണ്. ഈ പദ്ധതി തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനസജ്ജമാക്കാന്‍ മൂന്നുമാസമെങ്കിലും സമയമെടുക്കുമെന്നാണു കരുതുന്നത്.
ദുരന്തം മുന്നില്‍ക്കണ്ട് ജില്ലാ പഞ്ചായത്തിന്റെ കല്ലാര്‍ പദ്ധതിയുടെ ടര്‍ബൈന്‍ അഴിച്ചുമാറ്റിയിരുന്നു. അതിനാല്‍ മണ്ണിടിച്ചിലില്‍ ജനറേറ്റര്‍ മാത്രമാണു നഷ്ടപ്പെട്ടത്. മാങ്കുളം പവര്‍ഹൗസില്‍ വെള്ളം കയറിയാണ് കുഴപ്പമുണ്ടായത്. പതങ്കയത്ത് പുഴ ഗതിമാറി ഒഴുകുകയും മലയിടിഞ്ഞുമാണ് വൈദ്യുത നിലയത്തിന് ഹാനി സംഭവിച്ചത്. ഇവയ്‌ക്കെല്ലാം കൂടി 32 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഇഎംസി ഡയറക്ടര്‍ കെ എം ധരേശന്‍ ഉണ്ണിത്താന്‍ തേജസിനോട് പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ ചെറുകിട ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റുകളുടെ യഥാര്‍ഥ നഷ്ടം വിലയിരുത്തിവരുന്നതേയുള്ളുവെന്ന് ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ സിജി ജോസ് പറഞ്ഞു. എങ്കിലും പ്രാഥമിക കണക്കെടുപ്പില്‍ 70 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. വന്‍കിട പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ബോര്‍ഡ്. മാട്ടുപ്പെട്ടിയടക്കമുള്ള വൈദ്യുത നിലയങ്ങളുടെ തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top