പ്രളയം: നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം

നല്‍കണം- ഹൈക്കോടതിസ്വന്തം പ്രതിനിധികൊച്ചി: പ്രളയംമൂലമുണ്ടായ നാശനഷ്ടം ശാസ്ത്രീയമായും യുക്തിസഹമായും വിലയിരുത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ശക്തമായ സംവിധാനം രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഈ മാസം 19ന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഫലപ്രദമായി വിതരണം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കുകയോ കേരള നിയമ സഹായ അതോറിറ്റിയെ ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഓരോരുത്തര്‍ക്കും ഉണ്ടായ നഷ്ടം പ്രത്യേകം കണക്കാക്കിവേണം നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇത് ചെയ്യുമ്പോള്‍ തന്നെ മിനിമം നഷ്ടപരിഹാരവും സര്‍ക്കാര്‍ ഉറപ്പാക്കണം. പ്രളയബാധിതരെ റവന്യൂ അടക്കമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കു പിന്നില്‍ അപേക്ഷയുമായി നടക്കാന്‍ നിര്‍ബന്ധിക്കരുത്. സാറ്റലൈറ്റ് ഡാറ്റ പോലുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഉപയോഗിച്ച് നഷ്ടം കണക്കാക്കണം. വിവരശേഖരണത്തിന് തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോള്‍ നാശനഷ്ടത്തിന്റെ ശതമാനം കണക്കാക്കുന്ന സര്‍ക്കാര്‍ രീതിയില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് കോടതി നിരീക്ഷിച്ചു. പ്രളയത്തിന് ഇരയായവര്‍ക്ക് 10,000 രൂപ പ്രാഥമികമായി നഷ്ടപരിഹാരം നല്‍കുന്ന സര്‍ക്കാര്‍ നടപടി നല്ലതാണ്. പക്ഷേ, ഭാവിയില്‍ നല്‍കേണ്ടതിനെക്കുറിച്ച് ശാസ്ത്രീയമായി തന്നെ കണക്കുകൂട്ടണം. ഇതില്‍ വിദഗ്ധരുടെ അഭിപ്രായവും തേടണം. വിതരണത്തിലെ വിവേചനം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. നഷ്ടപരിഹാരം കണക്കാക്കുന്നത് എങ്ങനെയെന്ന കാര്യത്തിലാണ് കോടതിക്കു താല്‍പര്യം. പ്രളയത്തിന്റെ വ്യാപ്തി, പ്രളയബാധിതരുടെ ഭൂമിയുടെ അളവ്, പ്രളയത്തിനു മുമ്പ് ആ ഭൂമി എത്രത്തോളം ഉപയോഗപ്രദമായിരുന്നു എന്നീ കാര്യങ്ങള്‍ പരിശോധിക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു.

RELATED STORIES

Share it
Top