പ്രളയം: നഷ്ടം 31,000 കോടി; യുഎന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പ്രളയം മൂലം വിവിധ മേഖലകളില്‍ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎന്‍ സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് (പിഡിഎന്‍എ) റിപോര്‍ട്ട് ഡല്‍ഹിയിലെ യുഎന്‍ റസിഡന്റ് കോ-ഓഡിനേറ്റര്‍ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് യുഎന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് അറിയിച്ചു. പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവ ലഭ്യത ഉറപ്പാക്കാനും യുഎന്‍ സഹായം വാഗ്ദാനം ചെയ്തു. പുനര്‍നിര്‍മാണത്തിനുള്ള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും.
അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പുമാതൃകകള്‍ പരിചയപ്പെടുത്തുന്നതിന് യുഎന്‍ വേദിയുണ്ടാക്കും. പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനം സമയോചിതമായി നടത്തിയ ഇടപെടലുകളെ സംഘം പ്രശംസിച്ചു. ദ്രുതഗതിയിലും വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചും നടത്തിയ രക്ഷാപ്രവര്‍ത്തനം മൂലം ധാരാളം ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ പരിശ്രമവും റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. തീവ്രമായ മഴ കാരണമാണ് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നതെന്നും റിപോര്‍ട്ടിലുണ്ട്. യുഎന്‍ സംഘത്തില്‍ ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോര്‍ജ്, രഞ്ജിനി മുഖര്‍ജി എന്നിവരും ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, വി എസ് സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top