പ്രളയം: നഷ്ടം വിലയിരുത്താന്‍ യുനെസ്‌കോ സംഘം സാക്ഷരതാ മിഷന്‍ ഓഫിസില്‍

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസരംഗത്തെ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി യുനെസ്‌കോ പ്രതിനിധികള്‍ സാക്ഷരതാമിഷന്‍ സംസ്ഥാന ഓഫിസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ആലപ്പുഴയിലെ 18 തുടര്‍വിദ്യാകേന്ദ്രങ്ങളും എറണാകുളത്തെ അഞ്ചു തുടര്‍വിദ്യാകേന്ദ്രങ്ങളും പത്തനംതിട്ട, വയനാട് ജില്ലകളിലെ മൂന്നുവീതം തുടര്‍വിദ്യാകേന്ദ്രങ്ങളും പ്രളയത്തില്‍ തകര്‍ന്നതായി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പ്രതിനിധികളെ അറിയിച്ചു. വയനാട് ആദിവാസി സാക്ഷരതാ പരിപാടി നടക്കുന്ന 23 പഞ്ചായത്തുകളില്‍ പ്രളയം ബാധിച്ചിരുന്നു. വയനാട്ടില്‍ സാക്ഷരതാ ക്ലാസ് നടക്കുന്ന 13 ഊരുകള്‍ നശിച്ചിട്ടുണ്ട്. ജര്‍മനിയിലെ യുനെസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോങ് എജ്യൂക്കേഷന്‍ പ്രതിനിധി ഡോ. റാഖത്, യുനെസ്‌കോയുടെ ഡല്‍ഹിയിലെ പ്രതിനിധി ഡോ. ഹുമ മസൂദ് എന്നിവരാണ് പ്രളയനാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനെത്തിയത്. സാക്ഷരതാമിഷന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ദുരന്തപ്രതിരോധ, സാക്ഷരതാപരിപാടി ഉള്‍പ്പെടെ സാക്ഷരതാമിഷന്‍ നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് യുനെസ്‌കോയുടെ പിന്തുണയുണ്ടാവുമെന്നും അവര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ പ്രതിനിധികള്‍ പ്രളയം ബാധിച്ച ജില്ലകളിലേക്കു പുറപ്പെട്ടു. റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ഐക്യരാഷ്ട്രസഭയ്ക്കും സമര്‍പ്പിക്കും. സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ ഡോ. വിജയമ്മ, ഡാര്‍ളി ജോസഫ് നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി.

RELATED STORIES

Share it
Top