പ്രളയം തകര്‍ത്ത പാലം പുനര്‍നിര്‍മിച്ചു

കണമല: എല്ലാം ഒഴുക്കിയ മഹാപ്രളയം ബാക്കിവച്ചത് പാലം മാത്രമായിരുന്നു. ഇരുകരകളിലും ബന്ധമില്ലാതെ നദിയില്‍ മാത്രമായ എയ്ഞ്ചല്‍വാലി പാലത്തെ നാട്ടുകാര്‍ കണ്ടത് അക്കരെയും ഇക്കരെയും നിന്ന്. പാലത്തിലേക്കു കടക്കാനാവാതെ രണ്ട് ഗ്രാമമായി രണ്ടു കരകളിലെയും ജനങ്ങള്‍ ഒറ്റപ്പെട്ടു. എന്നാല്‍ ഇനി അതു നാടിന്റെ അതിജീവന ചരിത്രത്തിലെ ഓര്‍മകളാവുകയാണ്. മൂന്നു ദിവസം കൊണ്ട് നാട്ടുകാര്‍ ഒത്തൊരുമിച്ച് പരിശ്രമിച്ചപ്പോള്‍ രണ്ടു കരകളെയും പാലം പുനര്‍നിര്‍മിച്ചു. ഒലിച്ചുപോയ അപ്രോച്ച് റോഡുകള്‍ പുനര്‍നിര്‍മിച്ചാണ് നാടിന്റെ കൂട്ടായ്മയില്‍ പാലം തെളിഞ്ഞത്. സര്‍ക്കാരിന്റെയും വകുപ്പിന്റെയും നടപടികള്‍ക്കു കാത്തിരിക്കാതെ ആയിരക്കണക്കിനു മണല്‍ ചാക്കുകള്‍ നദിയില്‍ അടുക്കി റോഡുണ്ടാക്കി പാലത്തിലേക്ക് നടന്നും ഓടിയും വണ്ടിയോടിച്ചും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാട്ടുകാര്‍. പണികള്‍ പൂര്‍ത്തിയായ ഇന്നലെ ടിപ്പര്‍ ലോറി ഓടിച്ചാണ് നാട്ടുകാര്‍ പാലത്തിന്റെ ഉറപ്പു പരിശോധിച്ചത്. വാഹന ഗതാഗതം ഇന്നു മുതല്‍ ആരംഭിക്കും. പൊതുമരാമത്തു വകുപ്പ് പാലം പുനരുദ്ധാരണം നടത്തുന്നതു വരെ നാടിനു പഴയ കാര്‍ഷിക കുടിയേറ്റ ചരിത്രത്തിന്റെ പുത്തന്‍ നേര്‍കാഴ്ചയാണ് അതിജീവനത്തിന്റെ ഈ പാലം.

RELATED STORIES

Share it
Top