പ്രളയം: അംഗീകാരം ലഭിച്ച പദ്ധതികളുടെ വിഹിതം കുറയ്ക്കും

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ 2018-19 സാമ്പത്തികവര്‍ഷം അംഗീകാരം ലഭിച്ച പദ്ധതികളുടെ വിഹിതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ വകുപ്പുകളിലും സംസ്ഥാന പദ്ധതിക്കു കീഴില്‍ വരുന്ന പദ്ധതിവിഹിതം 20 ശതമാനം വെട്ടിക്കുറയ്ക്കും. ഏതെല്ലാം പദ്ധതികളാണ് പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കേണ്ടതെന്ന് ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ച് കണ്ടെത്തണം. ഇതിനോടകം ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുകയോ, ഭേദഗതി വരുത്തുകയോ ചെയ്യണം.
അതേസമയം, പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ് എന്നീ വകുപ്പുകള്‍ക്കും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍ക്കും 20 ശതമാനം പദ്ധതിവിഹിതം വെട്ടിച്ചുരുക്കല്‍ ബാധകമായിരിക്കില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളും സംസ്ഥാന വിഹിതവും എക്സ്റ്റേര്‍ണലി എയ്ഡഡ് പദ്ധതികള്‍, നബാര്‍ഡ് സ്‌കീമുകള്‍ എന്നിവയെയും വെട്ടിച്ചുരുക്കലില്‍ നിന്നും ഒഴിവാക്കും. സംസ്ഥാന പദ്ധതികളില്‍ വരുന്നവയുടെ വിഹിതം മാത്രമേ കുറയ്ക്കൂ. ബാധ്യതയുള്ള ചെലവുകള്‍ പദ്ധതി വെട്ടിച്ചുരുക്കലില്‍ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനകം കരാര്‍ നല്‍കി പ്രവൃത്തി ആരംഭിച്ച പദ്ധതികള്‍, സാധനസാമഗ്രികള്‍, സര്‍വീസ് എന്നിവ ലഭ്യമായതിനുശേഷം പണം നല്‍കാനുള്ളവ, വര്‍ഷം തോറും നല്‍കിവരുന്ന പെന്‍ഷന്‍ തുക, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ ബാധ്യതാ ചെലവുകളില്‍ ഉള്‍പ്പെടും. എല്ലാ വകുപ്പുകളും പദ്ധതി വിഹിതത്തിന്റെ വെട്ടിച്ചുരുക്കലിനുശേഷം അവശേഷിക്കുന്ന 80 ശതമാനം സംസ്ഥാന പദ്ധതികളുടെ മുന്‍ഗണനാ ക്രമീകരണം നടത്തണം. 20 ശതമാനം പദ്ധതി വെട്ടിച്ചുരുക്കി റദ്ദാക്കേണ്ടവ/ഭേദഗതി വരുത്തിക്കൊണ്ടോ മുന്‍ഗണനാ ക്രമീകരണം ആവശ്യമായ പദ്ധതികള്‍, പുതിയ സ്‌കീമുകള്‍ക്കുള്ള ശുപാര്‍ശകള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കി എല്ലാ വകുപ്പുകളും നിശ്ചിത മാതൃകയില്‍ 15നകം ധനകാര്യ (പ്ലാനിങ് -ബി) വകുപ്പില്‍ നല്‍കണം. ഇതിനായി പ്രത്യേകം ചേരുന്ന സ്പെഷ്യല്‍ വര്‍ക്കിങ് ഗ്രൂപ്പില്‍ ഇത്തരം പദ്ധതികള്‍ സമര്‍പ്പിക്കണം.

RELATED STORIES

Share it
Top