പ്രയാറിനെ നീക്കിയത് ഭക്തരെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ് ശബരിമല സീസണിലും മറ്റും ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന ആരോപണം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാലാവധി വെട്ടിക്കുറച്ചതിനെതിരേ പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നവംബര്‍ 14നാണ് ഗവര്‍ണര്‍ അംഗീകരിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മന്ത്രിസഭയില്‍ 13 ഹിന്ദു അംഗങ്ങളാണുള്ളത്. ഇതില്‍ ഏഴുപേര്‍, എ പത്മകുമാര്‍, കെ പി ശങ്കരദാസ് എന്നിവരെ പുതിയ അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു. ശബരിമല സീസണായതിനാല്‍ പുതിയ അംഗങ്ങള്‍ 15നു രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ഉച്ചതിരിഞ്ഞ് 13 മന്ത്രിമാരും കൂടി അംഗീകാരം നല്‍കി. പുതിയ അംഗങ്ങളെ ഉടനടി നിയമിച്ചതിനാല്‍ ഓര്‍ഡിനന്‍സ് ഭക്തരെ ബാധിക്കില്ല. ഹരജിക്കാരായ രണ്ടുപേരെയും ഒരു ശബരിമല സീസണ് തൊട്ടുമുമ്പാണ് തിരഞ്ഞെടുത്തിരുന്നത്. ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പഴയ അംഗങ്ങളെ സര്‍ക്കാര്‍ പുറത്താക്കിയിട്ടില്ല. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ അവരുടെ കാലാവധി അവസാനിക്കുകയാണുണ്ടായത്. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാല്‍ ഈ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്ന ഹരജിക്കാരുടെ വാദം തെറ്റാണ്. 1949 മെയില്‍ തിരുവിതാംകൂര്‍ മഹാരാജാവും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതെന്നും ഭാരവാഹികളെ കാലാവധിക്കു മുമ്പ് പുറത്താക്കണമെങ്കില്‍ അതു ഭരണഘടനാ കോടതികള്‍ക്കു മാത്രമാണ് സാധിക്കുകയെന്നുമുള്ള വാദം നിലനില്‍ക്കുന്നതല്ല. ഭരണഘടന പ്രാബല്യത്തില്‍ വന്നശേഷം ഇത്തരം ഉടമ്പടികളൊന്നും നിലനില്‍ക്കുന്നില്ല. ബോര്‍ഡിന്റെ ഘടന മാറ്റണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന വാദവും നിലനില്‍ക്കുന്നതല്ല. അംഗങ്ങളുടെ കാലാവധി നിയന്ത്രിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ 2007ല്‍ ഡിവിഷന്‍ ബെഞ്ച് തന്നെ ശരിവച്ചിട്ടുണ്ട്. ഹരജിക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് അഴിമതിയില്ലെന്ന വാദം തെറ്റാണ്. ഇരുവരുടെയും യാത്രാപ്പടി സംബന്ധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോര്‍ഡ് മീറ്റിങ് നടക്കുന്ന അന്ന് ഇരുവരും ശബരിമലയിലേക്ക് യാത്ര നടത്തിയെന്നു പറഞ്ഞ് യാത്രാപ്പടി എഴുതിയെടുത്തിട്ടുണ്ട്. ഇതിലാണ് അന്വേഷണം നടക്കുന്നത്. എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിക്കും ഭരിക്കുന്ന പാര്‍ട്ടിക്കും ഗുണമുണ്ടാക്കാനാണ് ഹരജിക്കാരെ നീക്കിയതെന്ന വാദം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2015 നവംബര്‍ 12ന് മൂന്നു വര്‍ഷത്തേക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളായി ഹരജിക്കാരെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ഭാരവാഹികളുടെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കി.

RELATED STORIES

Share it
Top