പ്രമുഖ മുസ്‌ലിം സംഘടനകള്‍ പ്രതിസന്ധിയില്‍

റസാഖ്   മഞ്ചേരി

മലപ്പുറം: രണ്ടാം നിര നേതാക്കളുടെയും അനുയായികളുടെയും അനുസരണക്കേടും അന്തശ്ഛിദ്രവും പ്രമുഖ മുസ്‌ലിം സംഘടനകളെ പ്രതിസന്ധിയിലാക്കുന്നു. മുജാഹിദ് സമ്മേളനം കൊടിയിറങ്ങിയപ്പോള്‍ വിവാദങ്ങളുടെ കൊടിയേറ്റമാണ് സുന്നി-മുജാഹിദ് സംഘടനകളില്‍ നടന്നത്. പാണക്കാട്ടെ ഇളമുറക്കാര്‍ വിലക്ക് ലംഘിച്ച് മുജാഹിദ് വേദിയിലെത്തിയതാണ് സമസ്തയെ വെട്ടിലാക്കിയിരിക്കുന്നത്.
കെഎന്‍എമ്മിനകത്താവട്ടെ സമ്മേളനത്തില്‍ രണ്ടാം നിര നേതാക്കളുടെ അസാന്നിധ്യവും. മുജാഹിദ് ലയിച്ച് ഒരുവര്‍ഷം തികഞ്ഞ ശേഷം നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും അന്തശ്ഛിദ്രം സംബന്ധിച്ചാണ്. ലയനശേഷം ഇരുവിഭാഗങ്ങളിലുംപെട്ട യുവനേതാക്കളില്‍ ചിലര്‍ കുഴപ്പമുണ്ടാക്കുന്നത് തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങള്‍ കൊഴുത്തു പ്രശ്‌നം സങ്കീര്‍ണമാക്കുകയും ചെയ്തു. സമാപന സമ്മേളനത്തില്‍ കെഎന്‍എം വൈസ് പ്രസിഡന്റ് ഹുസയ്ന്‍ മടവൂരും സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സലഫിയും നടത്തിയ പ്രസംഗങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ച.
സംഘടനയില്‍ വിഷയാധിഷ്ടിതമായി അംഗീകരിക്കുന്നവരും പകുതി അംഗീകരിക്കുന്നവരും ഉണ്ടെന്നാണ് മടവൂര്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. 'ഐക്യം' ഐക്യംവേണമെന്നതിലാണെന്നും എല്ലാ വിഷയത്തിലുമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയക്കാര്‍ കൂടി സഹായിക്കണമെന്നും പരസ്യമായി അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സംഘടനയെ പൂര്‍ണമായി അംഗീകരിക്കുന്നവരാണ് മുജാഹിദുകളെന്നും അല്ലാത്തവര്‍ക്കു മാറിനില്‍ക്കാമെന്നുമാണ് അബ്ദുര്‍റഹ്മാന്‍ സലഫി പ്രസംഗിച്ചത്. സംഘടനയുടെ ചരിത്രം അറിയാത്തവര്‍ അവിടെയും ഇവിടെയും നിന്ന് അപവാദപ്രചാരണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും തങ്ങളെക്കൊണ്ട് വടിയെടുപ്പിക്കരുതെന്നു പി കെ ബഷീര്‍ എംഎല്‍എയും പ്രശ്‌നക്കാരെ അടക്കണമെന്നു കുഞ്ഞാലിക്കുട്ടിയും വേദിയില്‍ വച്ചു പറഞ്ഞതു പ്രശ്‌നം സങ്കീര്‍ണമാണെന്നതിന്റെ സൂചനയാണ്. അറിയപ്പെടുന്ന പണ്ഡിതരുടെയും യുവനിരയിലെ പ്രമുഖരുടെയും പങ്കാളിത്തമില്ലായ്മയും കല്ലുകടിയുടെ സൂചനയായാണ് അണികള്‍ കരുതുന്നത്.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരേ നടപടി സ്വീകരിക്കാന്‍ ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി അഞ്ചംഗ സമിതിയെ നിശ്ചയിച്ചിരിക്കുകയാണ്. സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റാണ് റഷീദലി തങ്ങള്‍. മുനവ്വറലി തങ്ങള്‍ സമസ്ത സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. സമുദായം ഐക്യത്തോടെ പ്രതികരിക്കേണ്ട സാഹചര്യത്തിലാണ് സമുദായ സംഘടനകള്‍ക്ക് അന്തശ്ഛിദ്രം ചര്‍ച്ചചെയ്ത് ഊര്‍ജം കളയേണ്ടിവരുന്നത്.

RELATED STORIES

Share it
Top