പ്രമാദമായ ചേകനൂര്‍ കൊലക്കേസ്‌: നിരപരാധിത്വം തെളിയിക്കാനായതില്‍ സന്തോഷത്തോടെ ഹംസയുടെ കുടുംബം

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: പ്രമാദമായ ചേകനൂര്‍ കൊലക്കേസില്‍ ഒന്നാം പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കക്കിടിപ്പുറം ആലങ്കോട് സ്വദേശി ഹംസ സഖാഫി(49)യെ ഒടുവില്‍ തെളിവില്ലെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടതോടെ ഏറെ സന്തോഷിക്കുകയാണ് ഹംസ സഖാഫിയും കുടുംബവും. ഇപ്പോഴെങ്കിലും ഇങ്ങനെയൊരു വിധിയുണ്ടായതില്‍ അവര്‍ മനം നിറഞ്ഞ് ആഹ്ലാദിക്കുന്നു. ഇത്രയും കാലം നാട്ടുകാരും സമൂഹവും കുറ്റവാളിയായി കണ്ടതില്‍ ഏറെ സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം തെളിഞ്ഞു. ഇനിയാര്‍ക്കും ഒരു തെറ്റിദ്ധാരണയും ഉണ്ടാവില്ല- കുടുംബം ഏകസ്വരത്തില്‍ പറയുന്നു.
കക്കിടിപ്പുറം ആലങ്കോട്ടെ കുടുംബവീട്ടില്‍ ഹൈക്കോടതി വിധി ഏറെ സന്തോഷമാണ് കൊണ്ടുവന്നിരിക്കുന്നത്. വര്‍ഷങ്ങളായി ഈ കേസിന്റെ പേരില്‍ തീ തിന്നുകഴിയുകയായിരുന്നു കുടുംബം. നീണ്ട എട്ടു വര്‍ഷവും നാലു മാസവുമാണ് ശിക്ഷാവിധിക്കു ശേഷം ഹംസ ജയിലില്‍ കഴിഞ്ഞത്. നേരത്തേ അറസ്റ്റിലായപ്പോള്‍ മൂന്നു മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ ഹൈക്കോടതി വെറുതെ വിട്ട വിവരമറിഞ്ഞ ഭാര്യ സീനത്തും അഞ്ചു മക്കളും വലിയ സന്തോഷത്തിലാണ്. വിവരം അറിഞ്ഞ ഉമ്മ ഇത്താച്ചുമ്മയും മകന്റെ മോചനത്തില്‍ സന്തോഷവതിയാണ്. ഒരാഴ്ച മുമ്പാണ് അവസാനമായി ഹംസ രണ്ടു മാസത്തെ പരോളില്‍ വന്ന് തിരിച്ചുപോയത്.
പൊന്നാനി സിയാറത്ത് പള്ളിയില്‍ ഖത്തീബായി ജോലി ചെയ്യുമ്പോഴാണ് ഹംസ സഖാഫിയെ കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. ഒമ്പതു പ്രതികള്‍ കേസിലുണ്ടായിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് ഇദ്ദേഹം മാത്രമായിരുന്നു. തികഞ്ഞ ആത്മീയജീവിതം നയിച്ചിരുന്ന ഉസ്താദിനെ കൊലക്കേസ് പ്രതിയെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും ശിഷ്യന്മാര്‍ക്കും കൂട്ടുകാര്‍ക്കും അന്നും ഇന്നും കഴിഞ്ഞിട്ടില്ല. ഒന്നര വര്‍ഷമാണ് പൊന്നാനി സിയാറത്ത് പള്ളിയില്‍ ഖത്തീബായി ജോലി ചെയ്തത്. പൊന്നാനി എംഇഎസ് കോളജിനടുത്തുള്ള ഖിള്ര്‍ പള്ളിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.
കളരിയഭ്യാസത്തില്‍ ഏറെ അഗ്രഗണ്യനായ ഇദ്ദേഹം പല സ്ഥലങ്ങളിലും കളരി ക്ലാസുകളും നടത്തിയിരുന്നു. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തുസ്സുന്നിയ്യയില്‍ പഠിക്കുമ്പോഴാണ് കളരി പഠിച്ചത്. മരണമടയുന്നതിനു മുമ്പ് ചേകനൂര്‍ കേസില്‍ നിരപരാധിയായി ജനങ്ങളുടെ ഇടയില്‍ ഇറങ്ങുമെന്ന തികഞ്ഞ വിശ്വാസത്തിലായിരുന്നു ഹംസ സഖാഫി. സംസ്ഥാനത്തെ ഉന്നത കോടതിവിധിയിലൂടെ ആ പ്രതീക്ഷയാണ് യാഥാര്‍ഥ്യമായത്. പരോള്‍ കിട്ടിയ നാളുകളില്‍ മകളുടെ വിവാഹം നടത്തിയിരുന്നു.
2003ലാണ് ഹംസയടക്കമുള്ള പ്രതികള്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും ശേഷം പ്രത്യേക സംഘവും അന്വേഷിച്ച കേസ് മൗലവിയുടെ ഭാര്യ ഹവ്വാഉമ്മയുടെ പരാതി പ്രകാരമാണ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. കേരള രാഷ്ട്രീയത്തില്‍ നിരവധി വിവാദങ്ങള്‍ ഈ കേസിനെച്ചൊല്ലി ഉണ്ടായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ഹംസ സഖാഫി. അതിനാല്‍ തന്നെ കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹത്തെയും സിബിഐ ചോദ്യം ചെയ്തു. എന്നാല്‍, കേസുമായി ബന്ധിപ്പിക്കാവുന്ന തുമ്പുകളൊന്നും ലഭിച്ചില്ല. പ്രതിചേര്‍ക്കാനുള്ള നീക്കങ്ങളെ പരമോന്നത കോടതി തടയുകയും ചെയ്തു.
പരേതനായ എം കെ ദാമോദരനും അസിസ്റ്റന്റുമാരുമാണ് ഹൈക്കോടതിയില്‍ കേസ് നടത്തിയിരുന്നത്. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു ഞങ്ങളെന്ന് ബന്ധുക്കള്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top