പ്രഭവകേന്ദ്രങ്ങള്‍ വറ്റിവരണ്ട നദികളില്‍ നീരൊഴുക്ക് നിലയ്ക്കുന്നു

കോന്നി:  പ്രഭവ കേന്ദ്രങ്ങള്‍ വറ്റിവരണ്ടതോടെ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികളില്‍ നീരൊഴുക്ക് നിലയ്ക്കുന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളാണ് വരള്‍ച്ചയുടെ പിടിയില്‍ അമരുന്നത്. തൂവല്‍മലനിരകളില്‍ നിന്നും ഉല്‍ഭവിക്കുന്ന അച്ചന്‍ കോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടതാണ്. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചന്‍കോവില്‍ ഭാഗത്ത് നദി നീര്‍ച്ചാലുകള്‍ മാത്രമാണ്.
തൂവല്‍മലയുടെ മറുഭാഗത്തേക്കുള്ള തമിഴ്‌നാട്ടിലേക്കുള്ള ചോലകളും വരണ്ടു. തമിഴ്‌നാട്ടിലേക്കുള്ള തോടുകളിലും നദികളിലും നീരൊഴുക്ക് നിലച്ചതോടെ മേക്കര അടക്കമുള്ള സംഭരണികള്‍ മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടു.  മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉല്‍ഭവ കേന്ദ്രങ്ങളില്‍ നീരൊഴുക്ക് നിലച്ച നദിയില്‍ കെട്ടിനില്‍ക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്. പാറക്കൂട്ടങ്ങള്‍ തെളിഞ്ഞുനില്‍ക്കുകയാണ്. കക്കാട്ടാറിലെ വൈദ്യുതി പദ്ധതികളില്‍ നിന്നും പുറത്തേക്കൊഴുകുന്ന ജലത്തെ ആശ്രയിച്ചാണ് പമ്പാനദിയില്‍ നീരൊഴുക്ക്.  കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പകുതി ദിവസവും പമ്പാ നദിയില്‍ നീരൊഴുക്കില്ലായിരുന്നുവെന്നാണ് പഠന റിപോര്‍ട്ട്. 1995 മുതല്‍ നദിയില്‍ നീരൊഴുക്കില്ലാത്ത ദിനങ്ങളുടെ എണ്ണം ഓരോവര്‍ഷവും കൂടിവരികയാണ്.
2000ല്‍ 78 ദിവസം മാത്രമായിരുന്നു നീരൊഴുക്ക് നിലച്ചിരുന്നതെങ്കില്‍ 2011 എത്തിയപ്പോഴേക്കും അത് 102 ദിവസങ്ങളിലെത്തി. 2009ല്‍ 176 ദിവസവും നീരൊഴുക്ക് ഉണ്ടായിരുന്നതേയില്ല. 2016 എത്തിയപ്പോഴേക്കും സ്ഥിതി രൂക്ഷമാവുകയായിരുന്നു. മഴയുടെ ലഭ്യതയിലുണ്ടായ കുറവും പമ്പയിലെ നീരൊഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്.  നദിയുടെ നീരൊഴുക്ക് സമൃദ്ധമാക്കിയിരുന്ന പോഷക തോടുകള്‍ പലതും അപ്രത്യക്ഷമായതും പമ്പ നേരിടുന്ന ഏറ്റവും വലിയ ജലപ്രതിസന്ധി. കിഴക്കന്‍ മേഖലയില്‍ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്.

RELATED STORIES

Share it
Top