പ്രഫ. സുശീല്‍ ഖന്ന റിപോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉദ്യോഗാര്‍ഥികള്‍

എച്ച്   സുധീര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസിയില്‍ നിയമന സാധ്യത അകലെയായിട്ടും പ്രതീക്ഷയോടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്കു പിഎസ്‌സിയുടെ നിയമന ശുപാര്‍ശ ലഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നേടാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.
14 ജില്ലകളിലായി 4051 പേരുടെ നിയമനമാണ് അനന്തമായി നീളുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇവരുടെ നിയമനത്തോട് സര്‍ക്കാരും അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. നിയമനം ഉടനടി ഉണ്ടാവില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. സാമ്പത്തിക പരാധീനതയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മില്‍ ഇപ്പോള്‍ 183 കോടിയുടെ അന്തരമുണ്ട്. ഇതു കാരണം ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയുന്നില്ല. വായ്പയെടുത്ത വകയില്‍ കോടികളുടെ തിരിച്ചടവു വേറെയും. കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ വായ്പയ്ക്ക് പണമെടുത്ത് കഴിഞ്ഞദിവസമാണ് കൊടുത്തു തുടങ്ങിയത്. ഇതും പൂര്‍ണമായിട്ടില്ല.
കോര്‍പറേഷനെ നഷ്ടത്തില്‍ നിന്നു കരകയറ്റാനുള്ള പദ്ധതികളെ സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രഫ. സുശീല്‍ ഖന്നയെ നേരത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിലെ ബസ് ജീവനക്കാരുടെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അനുപാതം വളരെ കൂടുതലാണെന്ന് അടുത്തിടെ അദ്ദേഹം സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ അനുപാതം ദേശീയ ശരാശരിയില്‍ എത്തിച്ചാല്‍ മാത്രമെ കെഎസ്ആര്‍ടിസിയുടെ സാന്നിധ്യവും നിലനില്‍പ്പും ഉറപ്പാക്കാനാവൂവെന്നാണു റിപോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
റിപോര്‍ട്ടിലെ ഈ നിഗമനമാണ് പുതിയ നിയമനങ്ങള്‍ക്കു വെല്ലുവിളിയായത്. ദേശീയ അനുപാതം വിലയിരുത്തുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ എണ്ണം അധികമാണ്. ഈ സാഹചര്യത്തില്‍ സുശീല്‍ ഖന്നയുടെ അന്തിമ റിപോര്‍ട്ടിന് വിധേയമായി മാത്രമേ നിലവില്‍ പുതിയ ജീവനക്കാരെ നിയമിക്കൂവെന്ന ഉറച്ച നിലപാടിലാണു സര്‍ക്കാര്‍. ഒഴിവുകള്‍ക്ക് സാധുതയുണ്ടെന്നു റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയാല്‍ മാത്രമാവും നിയമനം നടത്തുക. അല്ലാത്തപക്ഷം നിയമന ശുപാര്‍ശ ലഭിച്ചവരുടെ പ്രതീക്ഷകള്‍ അസ്തമിക്കും.
അതേസമയം, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയതിനു പിന്നാലെ കഴിഞ്ഞ രണ്ടു വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു യൂനിഫോം അലവന്‍സ് നല്‍കിയിട്ടില്ല. സ്‌റ്റേഷന്‍ മാസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്മാന്‍, ഗാര്‍ഡ്, അസി. സാര്‍ജന്റ്, സാര്‍ജന്റ്, ചീഫ് സാര്‍ജന്റ് എന്നീ വിഭാഗങ്ങള്‍ക്ക് 1,250 രൂപ വീതവും യൂനിഫോം അണിയേണ്ട മറ്റു വിഭാഗങ്ങള്‍ക്ക് 1000 രൂപ വീതവുമാണു യൂനിഫോം അലവന്‍സ് നല്‍കുന്നത്. വര്‍ഷത്തില്‍ ഒരു തവണയാണ് ഈ അലവന്‍സ് അനുവദിക്കുന്നത്.

RELATED STORIES

Share it
Top