പ്രഫ. എം വി പൈലി അന്തരിച്ചു

കൊച്ചി: വിദ്യാഭ്യാസ വിദഗ്ധനും പണ്ഡിതനും കൊച്ചി യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പ്രഫ. എം വി പൈലി(95) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.  ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം.  മൃതദേഹം ഇന്ന് രാവിലെ 10 മുതല്‍ കളമശ്ശേരിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് നാളെ രാവിലെ ഒമ്പതിന്  കോതമംഗലം ഊന്നുകല്ലിലുള്ള വസതിയിലേക്ക് കൊണ്ടു പോവും. ഇതിനുശേഷം ഉച്ചകഴിഞ്ഞ് 2.30ന് ഊന്നുകല്‍ ലിറ്റില്‍ ഫ്ഌവര്‍ ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്്കരിക്കും. കേരളത്തിലെ മാനേജ്‌മെന്റ് പഠനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. മൂലമറ്റം വര്‍ക്കി പൈലി എന്ന പ്രഫ. എം വി പൈലി 1964ലാണ് കൊച്ചി സര്‍വകലാശാലയില്‍  സേവനം ആരംഭിച്ചത്. കൊച്ചി സര്‍വകലാശാലയിലെ മൂന്നാമത്തെ വൈസ് ചാന്‍സലറായി 1977 മുതല്‍ 1981 വരെ സേവനം അനുഷ്ഠിച്ചു. അറിയപ്പെടുന്ന മാനേജ്‌മെന്റ്  പണ്ഡിതനും മികച്ച അധ്യാപകനുമായ അദ്ദേഹത്തെ 2006ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി  ആദരിച്ചു. ശൈശവാവസ്ഥയില്‍ നിന്നിരുന്ന കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കൊച്ചി സര്‍വകലാശാലയില്‍ കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കാന്‍ വി സി ആയിരിക്കെ അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറായി 13 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാനേജ്‌മെന്റ് പഠന കേന്ദ്രമാക്കി കൊച്ചി സര്‍വകലാശാലയെ മാറ്റി. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ലഖ്‌നോ, പട്‌ന, ഡല്‍ഹി, കേരള എന്നീ സര്‍വകലാശാലകളില്‍  അധ്യാപകനായും പ്രഫ. എം വി പൈലി സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ പരേതയായ എല്‍സി. മക്കള്‍: മെര്‍ളി ജോര്‍ജ്, വര്‍ഗീസ് പൈലി, അനു സ്റ്റെഫാനോസ്. മരുമക്കള്‍: ജെയിംസ് ജോര്‍ജ്, മേരി വര്‍ഗീസ്, ജോര്‍ജ് സ്‌റ്റെഫാനോസ്്.

RELATED STORIES

Share it
Top