പ്രഫസറെ കാലുപിടിപ്പിച്ച് എബിവിപി പ്രവര്‍ത്തകര്‍

ഭോപാല്‍: മുദ്രാവാക്യം വിളി ക്ലാസെടുക്കുന്നതിന് തടസ്സമാവുന്നുണ്ടെന്നു പറഞ്ഞ കോളജ് അധ്യാപകനെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയാക്കി. മധ്യപ്രദേശിലെ മന്ദ്‌സോറിലാണു സംഭവം. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് നിവേദനം സമര്‍പ്പിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകരാണ് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി ക്ലാസ് തടസ്സപ്പെടുത്തിയത്.
തുടര്‍ന്ന് മുദ്രാവാക്യം വിളിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട പ്രഫസര്‍ ദിനേശ് ഗുപ്തയെ എബിവിപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹിയെന്നു വിളിക്കുകയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളായിരുന്നു ഇവര്‍ മുഴക്കിയിരുന്നത്. മുദ്രാവാക്യം വിളി തടഞ്ഞ നിങ്ങള്‍ രാജ്യദ്രോഹിയാണെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുമെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞതോടെ അധ്യാപകന്‍ ഇവരുടെ കാലില്‍ വീഴുകയായിരുന്നു. വിദ്യാര്‍ഥികളുടെ കാലില്‍ വീണ് കേസെടുക്കാതിരിക്കാന്‍ ആവശ്യപ്പെടുന്ന അധ്യാപകന്റെ വീഡിയോ എബിവിപിക്കെതിരേ കനത്ത വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
സംഭവത്തിനു ശേഷം അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചെന്നാണ് റിപോര്‍ട്ട്. അതേസമയം, ഇത് ചെറിയ സംഗതിയാണെന്നും കൈകാര്യം ചെയ്ത രീതി വലിയതായതാണെന്നും ബിജെപി എംഎല്‍എ യശ്പാല്‍ സിസോദിയ പറഞ്ഞു.

RELATED STORIES

Share it
Top