പ്രധാനാധ്യാപകനെ കെഎസ്‌യു പ്രവര്‍ത്തകര്‍ റൂമില്‍ പൂട്ടിയിട്ടുകോഴിക്കോട്: ജില്ലയിലെ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച് പണപ്പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത്തരം സ്‌കൂളുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) ഗിരീഷ് ചോലയില്‍. ഇന്നലെ വൈകീട്ട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ഡിഡിഇ രേഖാമൂലം ഉറപ്പു നല്‍കിയത്. ക്ഷേമനിധിയെന്ന പേരില്‍ രശീതുകള്‍ നല്‍കാതെ രക്ഷിതാക്കളില്‍ നിന്ന് ജില്ലയിലെ വിവിധ എയ്ഡഡ് സ്‌കൂളുകള്‍  അനധികൃതമായി നിര്‍ബന്ധിത പണപ്പിരിവ് നടത്തുകയാണെന്നാണ് പരാതിയുയര്‍ന്നത്. 100 രൂപയില്‍ കൂടുതല്‍ പിടിഎ ഫണ്ട് പിരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളപ്പോഴാണ് 1,500 മുതല്‍ 4,000 രൂപ വരെ പിടിഎ ഫണ്ട് ഈടാക്കുന്നത്. സൗജന്യ വിദ്യാഭ്യാസം അവകാശമാണെന്ന നിയമം നിലനില്‍ക്കെ അനധികൃതമായി ഫണ്ട് പിരിക്കുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് ഡിഡിഇ ഉറപ്പു നല്‍കിയത്. ഉപരോധത്തിന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, മറ്റു ജില്ലാ ഭാരവാഹികളായ പി ടി സൂരജ്, ജെറില്‍ബോസ്, പി പി റമീസ്, ശാദി ഷഫീഖ്, ദിഷാല്‍, ജിനീഷ് ലാല്‍, റിയാസ്, മനു അര്‍ജുന്‍, കെ സി അനസ്, ആല്‍ഡ്രിന്‍ ജോസഫ്, അബ്ദുറഹിമാന്‍  നേതൃത്വം നല്‍കി. നിവൃത്തിയില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കെത്തുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയുമാണ് വെല്‍ഫെയര്‍ ഫണ്ടിന്റെ പേരില്‍ പിഴിയുന്നതെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ ആരോപിച്ചു. അതിനിടെ, ഇന്നലെ രാവിലെ പരാതിയുയര്‍ന്ന മീഞ്ചന്ത ആര്‍കെ മിഷന്‍ സ്‌കൂളിലേക്ക് നാല്‍പതോളം കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പ്രധാനാധ്യാപകനെ റൂമില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം ജില്ലാ പ്രസിഡന്റടക്കം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

RELATED STORIES

Share it
Top