പ്രധാനമന്ത്രി പദവി: വിട്ടുവീഴ്ചയ്ക്കു തയ്യാറായി കോണ്‍ഗ്രസ്; മായാവതിയെയോ മമതയെയോ പിന്തുണയ്ക്കാന്‍ തയ്യാര്‍

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസോ ബിഎസ്പിയോ അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിമാരെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്.
തൃണമൂല്‍  നേതാവ് മമതാ ബാനര്‍ജിയെയോ ബിഎസ്പി നേതാവ് മായാവതിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച് കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയെയും പൊതുതീരുമാനങ്ങളെയും അംഗീകരിക്കും. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.
രാജ്യത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ചെറുക്കാന്‍ ലക്ഷ്യമിട്ട് വിശാല പ്രതിപക്ഷ സഖ്യരൂപീകരണ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരുന്നു. സമാനമനസ്‌കരായ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും 150 സീറ്റ് നേടി പ്രതിപക്ഷനിരയിലെ വലിയ പാര്‍ട്ടിയാവാനാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതിപക്ഷത്തെ മറ്റു നേതാക്കള്‍ക്ക് വിയോജിപ്പുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
മമതയും മായാവതിയുമാണ് പ്രധാനമായും പ്രതിപക്ഷനിരയില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള നേതാക്കള്‍. വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ മമത തീരുമാനിച്ചിരുന്നു.

RELATED STORIES

Share it
Top