പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കുമ്മനം വേദി പങ്കിട്ടത് എംഎല്‍എ എന്ന നിലയില്‍ ; വിവരം സംസ്ഥാന പോലിസിലെ ഉന്നതരും മറച്ചുവച്ചുതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചിയിലെ പരിപാടികളില്‍ പഞ്ചായത്തംഗംപോലുമല്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് പങ്കെടുത്തത് എംഎല്‍എ എന്ന നിലയില്‍. തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ വരെ വെട്ടിമാറ്റിയ പ്രധാനമന്ത്രിയുടെ ഓഫിസാണ് കുമ്മനത്തെ പട്ടികയില്‍ തിരുകിക്കയറ്റിയത്.   പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി പുഷ്പേന്ദ്രകൗര്‍ ശര്‍മയാണ് കുമ്മനം രാജശേഖരന്റെ പേര് ഉള്‍പ്പെടുത്തി എസ്പിജി ഐജി ടി നാംഗ്യാല്‍ കൈലോണിന് പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയത്. ഈ പട്ടിക സംസ്ഥാന പോലിസിനും കൈമാറിയിരുന്നെങ്കിലും ഇക്കാര്യം പ്രധാനമന്ത്രിയുടെ പരിപാടിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സംസ്ഥാന പോലിസിലെ ഉന്നതര്‍ മറച്ചുവച്ച് കുമ്മനം രാജശേഖരന് കൊച്ചി മെട്രോയിലടക്കം പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ സാഹചര്യം ഒരുക്കിനല്‍കുകയായിരുന്നെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചടങ്ങിലും സെന്റ് തെരേസാസ് കോളജില്‍ നടന്ന പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായന ദിന-വായന മാസാചരണ പരിപാടിയിലുമായിരുന്നു കുമ്മനത്തെ എംഎല്‍എ എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തലേദിവസമായ 16നാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി എസ്പിജി ഐജിക്ക് പട്ടിക കൈമാറിയത്. ഈ പട്ടിക സംസ്ഥാന സര്‍ക്കാരിനും നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവാദിത്തപ്പെട്ട കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇക്കാര്യം മറച്ചുവച്ചു. സുരക്ഷയുടെ ഭാഗമായി എസ്പിജി ആവശ്യപ്പെട്ട വാഹനങ്ങള്‍ കൈമാറുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് കേരള പോലിസ് വ്യക്തമാക്കുന്നത്. ആരൊക്കെയാണ് ഈ വാഹനങ്ങളില്‍ യാത്രചെയ്യുന്നതെന്ന് നേക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്പിജിയാണ് യാത്ര ചെയ്യുന്നവരെ നിശ്ചയിക്കുന്നതെന്നുമാണ് കേരള പോലിസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് അദ്ദേഹത്തിന്റെ ഓഫിസ് തന്നെ തെറ്റായ വിവരം കൈമാറിയെന്ന ഗുരുതരമായ വീഴ്ചയാണ് കുമ്മനത്തെ എംഎല്‍എ എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ സംഭവിച്ചത്. കുമ്മനത്തെ എംഎല്‍എ എന്ന നിലയില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വാഹനം അനുവദിച്ചതും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പോലിസ് രഹസ്യാന്വേഷണവിഭാഗത്തോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലിസിലെ ഉന്നതര്‍ ഇക്കാര്യം മറച്ചുവച്ചതു സംബന്ധിച്ചും മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രീയലക്ഷ്യത്തിനായി പ്രധാനമന്ത്രിയുടെ പരിപാടിയില്‍ കുമ്മനം രാജശേഖരനെ ഇല്ലാത്ത പദവി ചാര്‍ത്തി തിരുകിക്കയറ്റിയതില്‍ ഗൂഢാലോചന നടന്നതായും ആക്ഷേപമു ണ്ട്.

RELATED STORIES

Share it
Top