പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചെലവ് പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. വാണിജ്യരഹസ്യം, വിശ്വാസപരമായ ബന്ധം എന്നിവയുടെ മേലങ്കി ധരിച്ച് പ്രധാനമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ എയര്‍ ഇന്ത്യക്ക് ആവില്ലെന്നു വ്യക്തമാക്കിയാണു കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
2016-17 കാലയളവില്‍ പ്രധാനമന്ത്രി എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാന സൗകര്യങ്ങള്‍ ഉപയോഗിച്ചു നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാണു കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പൊതുഖജനാവിലെ പണം ഉപയോഗിച്ചാണു പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ചെലവായ പണം എത്രയെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്ര ചെയ്ത തിയ്യതികള്‍, ചെലവഴിച്ച സമയം തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശമനുസരിച്ചു പരസ്യപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍, പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളും സന്ദര്‍ശിച്ച കാലയളവും സ്ഥലവും സംബന്ധിച്ചു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത വിവരങ്ങള്‍ എയര്‍ ഇന്ത്യക്ക് പുറത്തുവിടാമെന്നു വിവരവകാശ കമ്മീഷണര്‍ അമിതവ ഭട്ടാചാര്യ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി.
ലോകേഷ് ബാത്ര എന്നയാളാണ് വിവരാവകാശ നിയമപ്രകാരം 2016-17 വര്‍ഷത്തില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകള്‍, തിയ്യതികള്‍, സ്ഥലങ്ങള്‍, സന്ദര്‍ശനം നടത്തിയ കാലാവധി, യാത്രാ ചെലവുകള്‍ എന്നിവ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയെ സമീപിച്ചത്. ഇവ തങ്ങളുടെ വാണിജ്യ രഹസ്യമാണെന്നു ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് അപേക്ഷകന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

RELATED STORIES

Share it
Top