പ്രധാനമന്ത്രിയുടെ മൗനം കുറ്റസമ്മതം: പി സി വിഷ്ണുനാഥ്

മലപ്പുറം: റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം കുറ്റസമ്മതമാണെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്. റഫാല്‍ അഴിമതിക്കെതിരേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിമലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെപിസി അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇവിടെ നടന്നത്. ഖത്തറും ഈജിപ്തും കുറഞ്ഞ വിലയ്ക്ക് യുദ്ധ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ മോദി സര്‍ക്കാര്‍ മൂന്നിരട്ടി വിലയ്ക്ക് വാങ്ങുന്നു. ഇന്ത്യാ രാജ്യം വിജയം കൈവരിച്ച പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും വിശ്വാസ്യതയും ആര്‍ജിച്ച എച്ച്എഎല്ലിനെ ഒഴിവാക്കി ദിവസങ്ങള്‍ മാത്രം പിന്നിട്ട അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയതിലൂടെ കോടികളുടെ അഴിമതി പകല്‍ വെളിച്ചം പോലെ പുറത്തായിരിക്കുകയാണെന്നും ഇത് രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെ പോലിസ് ഹൈടെക് സെല്ലില്‍ ചോദ്യംചെയ്യുമ്പോള്‍ സിപിഎം മെമ്പറും എംഎല്‍എയുമായ പി ശശിയെ പാര്‍ട്ടി നേതാക്കന്‍മാരാണ് ചോദ്യം ചെയ്യുന്നത്. രണ്ടും സമാനമായ കേസാണ്. സിപിഎം ഭരണത്തില്‍ നിയമവാഴ്ച തകര്‍ന്നതിന്റെ തെളിവാണിത്. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ നയമാണെന്നും ഇരുവരും കലക്കുവെള്ളത്തില്‍നിന്ന് മീന്‍ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, എ പി അനില്‍മാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ കെ പി അബ്ദുല്‍മജീദ്, പി ടി അജയ്‌മോഹന്‍, വി എ കരീം, ഇ മുഹമ്മദ് കുഞ്ഞി, അസീസ് ചീരാന്‍തൊടി, അജീഷ് എടാലത്ത് സംസാരിച്ചു.

RELATED STORIES

Share it
Top