പ്രധാനമന്ത്രിയുടെ 'തള്ള് ' കേട്ട് പൊട്ടിച്ചിരിച്ച വനിതാ എംപിയെ രാക്ഷസിയാക്കി; രാജ്യഭയില്‍ ബഹളം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ തള്ള്’  കേട്ട് പൊട്ടിച്ചിരിച്ച വനിതാ എംപിയെ രാക്ഷസിയാക്കിയ നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരേ രാജ്യഭയില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് എംപി രേണുക ചൗധരിയെ രാക്ഷസ കഥാപാത്രത്തോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളംവച്ചത്. വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ ഉച്ചവരെ തടസ്സപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ് മോദി പ്രസംഗത്തിനിടെ രേണുക ചൗധരി ചിരിച്ചതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. അതിനിടെ, ചിരിക്കാന്‍ ജിഎസ്ടി ഒന്നും കൊടുക്കേണ്ടതില്ലല്ലോ എന്നും താന്‍ ഇനിയും ഉച്ചത്തില്‍ ചിരിക്കുമെന്നും തന്റെ പാര്‍ട്ടി തനിക്കൊപ്പമുണ്ടെന്നും രേണുക ചൗധരി പറഞ്ഞു. ഇന്നലെ സഭ ചേര്‍ന്നയുടന്‍ തന്നെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍ എഴുന്നേറ്റു. എല്ലാവരും ശാന്തരായിരിക്കണമെന്ന് സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു നിര്‍ദേശിച്ചെങ്കിലും ഫലം കാണാതെവന്നതോടെ 12 മണി വരെ സഭ പിരിച്ചു നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിനിടെ കോണ്‍ഗ്രസ്സിലെ വനിതാ എംപിമാര്‍ ഇന്നലെ വെങ്കയ്യ നായിഡുവിനെ കണ്ട് പരാതി നല്‍കി. പ്രധാനമന്ത്രി മോദിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രേണുക ചൗധരി പറഞ്ഞു. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്സിലെ വനിത എംപിമാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വനിതകളുടെ അന്തസ്സ് ഇടിച്ചു താഴ്ത്തിയെന്നും താന്‍ ഒരു ഭാര്യയും രണ്ടു പെണ്‍കുട്ടികളുടെ മാതാവുമാണെന്നും രേണുക ചൗധരി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ ആധാര്‍ ആദ്യമായി അവതരിപ്പിച്ചത് കോണ്‍ഗ്രസ് അല്ലെന്നും 1998ല്‍ എല്‍ കെ അഡ്വാനി ദേശവ്യാപകമായ ഒരു തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചു പറഞ്ഞിരുന്നെന്നുമുള്ള മോദിയുടെ അവകാശവാദത്തിനിടെയാണ് രേണുക ചൗധരി ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചത്. കോണ്‍ഗ്രസ് എംപിയുടെ ചിരി ഉച്ചത്തിലായതോടെ അധ്യക്ഷന്‍ വെങ്കയ്യ നായിഡു താക്കീത് ചെയ്തു. ഇതിനു പിന്നാലെ, അവരെ വിലക്കേണ്ടെന്നും രാമായണം സീരിയലിനു ശേഷം ഇതുപോലുള്ള അട്ടഹാസം ഇപ്പോഴാണു കേള്‍ക്കുന്നതെന്നുമാണ് മോദി പറഞ്ഞത്. തനിക്കെതിരായ പരാമര്‍ശത്തില്‍ രേണുക ഉടന്‍ തന്നെ ശബ്ദം ഉയര്‍ത്തി. രാജ്യസഭയിലെ അംഗങ്ങളുടെ അന്തസ്സിനെ മാനിച്ച് വിഷയത്തില്‍ നിഷ്പക്ഷമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ഇന്നലെ വെങ്കയ്യ നായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, മോദിയുടെ പരിഹാസത്തിനു പിന്നാലെ തന്നെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രേണുക ചൗധരി പറഞ്ഞു. രാമായണത്തിലെ രാക്ഷസ കഥാപാത്രമായ ശൂര്‍പ്പണഖയുടെ വീഡിയോ ക്ലിപ്പാണു കിരണ്‍ റിജിജു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രേണുകയെ പരിഹസിച്ച് ബുധനാഴ്ച ഇട്ട ഫേസ് ബുക്ക് പോസ്റ്റ് മന്ത്രി പിന്നീട് പിന്‍വലിച്ചിരുന്നു.

RELATED STORIES

Share it
Top