പ്രധാനമന്ത്രിക്ക് കൗണ്‍സിലറുടെ വ്യാജ പരാതി; ഏറ്റുമാനൂര്‍ നഗരസഭാ യോഗത്തില്‍ ബഹളം

ഏറ്റുമാനൂര്‍: കുടിവെള്ള പദ്ധതിക്കു തുക അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ പ്രധാനമന്ത്രിക്കു നല്‍കിയ പരാതി വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭയില്‍ ബഹളം. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട കുടിവെള്ള പ്രോജക്ടിനു വേണ്ടി 34ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ സുരേഷ് നല്‍കിയ പരാതി പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നെന്ന് ആരോപിച്ചായിരുന്നു ബഹളം. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ബോബന്‍ ദേവസ്യയാണ് ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിലില്‍ ഉഷാ സുരേഷിന്റെ പരാതിയെ കുറിച്ച് ആരോപണം ഉന്നയിച്ചത്. പദ്ധതി വിഹിതമായ 67 ലക്ഷം രൂപ പലതവണ കയറിയിറങ്ങിയിട്ടും അനുവദിക്കുന്നില്ലെന്നായിരുന്നു ഉഷയുടെ പരാതി. എന്നാല്‍ ഇങ്ങനെയൊരു തുക യഥാര്‍ഥത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂര്‍, ഉഷാ സുരേഷ് എന്നിവരുടെ വാര്‍ഡുകളില്‍ റോഡിന് അനുവദിച്ച തുകയില്‍ നിന്ന് 5 ലക്ഷം വീതം വകമാറ്റി 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ആകെ ഉള്‍കൊള്ളിച്ചിരുന്നത്. പദ്ധതിക്കായി ഉഷാ സുരേഷ് അനൗദ്യോഗികമായി തയ്യാറാക്കിയ 67 ലക്ഷത്തിന്റെ രൂപരേഖ എല്‍എസ്ജിഡി അസിസ്റ്റന്റ്്് എന്‍ജിനീയറെ ഏല്‍പ്പിച്ചിരുന്നുവത്രേ. എന്നാല്‍ നഗരസഭയിലെ മറ്റാരും തന്നെ ഇതറിഞ്ഞിരുന്നില്ല. ജനകീയാസൂത്രണ പദ്ധതിയില്‍ ഈ തുക വകയിരുത്തിയിട്ടുമില്ല. പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്താത്ത തുക നഗരസഭ നല്‍കുന്നില്ലെന്ന പരാതി പ്രധാനമന്ത്രിയുടെ ഓഫിസിനെ കബളിപ്പിക്കുന്നതും ഏറ്റുമാനൂര്‍ നഗരസഭയ്ക്കു പേരുദോഷം വരുത്തുന്നതുമാണെന്നായിരുന്നു കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആരോപിച്ചത്. ഇങ്ങനെയൊരു തുക പദ്ധതിവിഹിതത്തില്‍ ഇല്ലെന്നു കാട്ടി തന്നെ അധികൃതര്‍ മറുപടിയും നല്‍കിയെന്നാണ് പറയുന്നത്. നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പറ്റി കൗണ്‍സില്‍ യോഗത്തില്‍ പരാമര്‍ശിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാരിനെയും കടത്തിവെട്ടി പ്രധാനമന്ത്രിക്കു പരാതി നല്‍കിയത് തെറ്റായിപ്പോയെന്ന് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് വിനോദ് യോഗത്തില്‍ ചൂണ്ടികാട്ടി.

RELATED STORIES

Share it
Top