പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം: മേവാനിക്കെതിരേ കേസ്

ബംഗളൂരു: പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരേ ബംഗളൂരു പോലിസ് കേസെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ നടന്ന ചടങ്ങിനിടെയാണ് ജിഗ്‌നേഷ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതെന്നു പോലിസ് പറഞ്ഞു. ചിത്രദുര്‍ഗ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ടി ജയന്താണ് പരാതി നല്‍കിയത്. ഏപ്രില്‍ 15ന് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ബംഗളൂരുവില്‍ എത്തും. കസേരകള്‍ വലിച്ചെറിഞ്ഞു  യോഗം തടസ്സപ്പെടുത്തണമെന്നു മേവാനി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്തുപറ്റിയെന്നു പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ജിഗ്‌നേഷ് യുവാക്കളോട് ആവശ്യപ്പെട്ടു. ചോദ്യത്തിനു ഉത്തരം ലഭിച്ചില്ലെങ്കില്‍ ഹിമാലയത്തിലേക്ക് പോവാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്നും പറഞ്ഞതായി  പരാതിയിലുണ്ട്.

RELATED STORIES

Share it
Top