പ്രധാനപ്പെട്ട നിരവധി കണ്ടെത്തലുകള്‍ ബാക്കി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ നിന്ന് സരിത എസ് നായരുടെ കത്ത് സംബന്ധിച്ച ഭാഗങ്ങള്‍ ഹൈക്കോടതി ഒഴിവാക്കിയെങ്കിലും പ്രധാനപ്പെട്ട നിരവധി കണ്ടെത്തലുകള്‍ ബാക്കിയാണ്. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫും ഡല്‍ഹിയിലെ സഹായിയും സോളാര്‍ തട്ടിപ്പുകാരെ സഹായിച്ചു, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെയും സഹായികളെയും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു, വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും തട്ടിപ്പിനു വേണ്ട സഹായങ്ങള്‍ നല്‍കി, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പ്രധാന കണ്ടെത്തലുകള്‍ നിലനില്‍ക്കും.
മുന്‍ പോലിസ് മേധാവി ബാലസുബ്രഹ്മണ്യം, ഡോ. ടി പി സെന്‍കുമാര്‍, എഡിജിപി ഹേമചന്ദ്രന്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍, ഡിവൈഎസ്പി പ്രസന്നന്‍ നായര്‍, എന്നിവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിം രാജ്, തോമസ് കുരുവിള എന്നിവരുടെ പങ്കാളിത്തം, പ്രത്യേക അന്വേഷണസംഘം, പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണം, സോളാര്‍ കേസുകളില്‍ തുടരന്വേഷണം നടത്തണം, പ്രതികളെ കോടതികളില്‍ ഹാജരാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, സെക്രട്ടേറിയറ്റിലെ സിസിടിവി കാമറകളില്‍ മതിയായ സാങ്കേതിക മാറ്റങ്ങള്‍ വരുത്തണം, അനര്‍ട്ടിന് സോളാര്‍ വൈദ്യുതി പ്രോല്‍സാഹനത്തിനു വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കണം തുടങ്ങിയ കമ്മീഷന്‍ നിര്‍ദേശങ്ങളും നിലനില്‍ക്കും.

RELATED STORIES

Share it
Top