പ്രദേശവാസികളെ ബുദ്ധിമുട്ടിച്ച് പ്ലാസ്റ്റിക് കത്തിക്കുന്നു

കുമളി: ചക്കുപള്ളം പഞ്ചായത്തിന്റെ ചിറ്റാമ്പാറയിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് പരസരവാസികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മാലിന്യസംസ്‌കരണ പ്ലാന്റിനോട് ചേര്‍ന്നുള്ള പൊതുശ്മശാനത്തിലാണ് പ്ലാസ്റ്റിക് കത്തിക്കുന്നത്. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലായി ജനവാസം കുറഞ്ഞ സ്ഥലത്താണ് സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍, നൂറുകണക്കിന് തോട്ടംതൊഴിലാളികള്‍ രാവിലെയും വൈകിട്ടും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ രൂക്ഷഗന്ധവും സഹിച്ചുവേണം ഇതുവഴി കടന്നുപോകാന്‍.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം ലക്ഷ്യമിട്ട് പഞ്ചായത്ത് ഹരിതസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സേനയിലെ അംഗങ്ങള്‍ വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പ്രകൃതിക്ക് ദോഷകരമാണെന്നും അപ്രകാരം ചെയ്താല്‍ പിഴ ഈടാക്കുമെന്നും പറഞ്ഞാണ് ഇവര്‍ ആളുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് പഞ്ചായത്ത് കത്തിക്കുന്നത് ആരോഗ്യ- പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല. ഹരിതസേന രൂപീകരണത്തിലും ഈ സേനയുടെ പേരില്‍ രണ്ടുലക്ഷം രൂപ ചെലവഴിച്ചതിലും ഗുരുതരമായ ക്രമക്കേട് നടന്നതായാണ് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നത്.
ജനവാസമേഖലയില്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണു നാട്ടുകാര്‍.

RELATED STORIES

Share it
Top