പ്രഥമാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

മഞ്ചേരി: തിയേറ്ററില്‍ ബാലികയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പോലിസ് സംഘം കോടതിയില്‍ പ്രഥമാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. തിയേറ്റര്‍ മാനേജര്‍ എടപ്പാള്‍ ഉണ്ണിനാരായണന്റെ മൊഴിയടങ്ങിയ റിപോര്‍ട്ടാണ് മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്.
സംഭവദിവസം രാത്രി തിയേറ്റര്‍ ജീവനക്കാരന്‍ അനൂപുമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്നതും കുട്ടി അസ്വസ്ഥത കാണിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ അയാള്‍ ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീക്കും ബാലികയ്ക്കുമൊപ്പം കാറില്‍ കയറി പോവുന്നത് കണ്ടെന്നുമാണ് മൊഴിയിലുള്ളത്. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ശിഹാബിനെ ദൃശ്യങ്ങള്‍ കാണിക്കുകയും അദ്ദേഹം ഇത് പെന്‍ഡ്രൈവില്‍ പകര്‍ത്തുകയും ചെയ്തുവെന്നും മാനേജര്‍ മൊഴി നല്‍കി.
അതേസമയം കുട്ടിയെ പലരും സ്വാധീനിക്കാന്‍ ശ്രമിച്ചത് തങ്ങള്‍ക്ക് കുട്ടി നല്‍കിയ മൊഴിയില്‍ പ്രതിഫലിച്ചെന്ന് ശിശുക്ഷേമസമിതിയിലെ കവിത ശങ്കര്‍ പറഞ്ഞു. കുട്ടിയുടെ മൊഴി ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുമെന്നു ശിശുക്ഷേമ സമിതി വ്യക്തമാക്കി.
കേസില്‍ പ്രതിയായ അമ്മയുടെ വാദം തള്ളുന്ന രീതിയിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അങ്കിളിനെ സിനിമ കാണാന്‍ അമ്മ വിളിച്ചുവരുത്തിയതാണെന്നും ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. അവിചാരിതമായാണ് തിയേറ്ററില്‍ വച്ച് മൊയ്തീനെ കണ്ടതെന്ന അമ്മയുടെ വാദം തള്ളുന്നതാണു പെണ്‍കുട്ടിയുടെ മൊഴി.
സംഭവത്തില്‍ എത്രയും വേഗം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള വനിതാ കമ്മീഷന്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ എം സി ജോസഫയ്‌നിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരാതി നല്‍കിയ തിയേറ്റര്‍ ഉടമകളുടെ നടപടി മാതൃകാപരമാണെന്ന് ചെയര്‍പേഴ്‌സണ്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top