പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നു മല്‍സ്യത്തൊഴിലാളികള്‍

പൊന്നാനി: ട്രോളിങ് നിരോധന കാലത്തു കടലില്‍ പോവാന്‍ അനുമതിയുള്ള വള്ളങ്ങള്‍ക്കും ദുരിതകാലം. ട്രോളിങ് നിരോധനം ഒരാഴ്ച പിന്നിടുമ്പോള്‍ മല്‍സ്യബന്ധനത്തിന് അനുമതിയുള്ള വള്ളങ്ങള്‍ക്കാണ് മല്‍സ്യം കിട്ടാനില്ലാത്ത ദുര്‍ഗതി.   കടല്‍ക്ഷോഭിച്ചതിനാല്‍ മലബാര്‍ തീരങ്ങളിലൊന്നും ചെറുവള്ളങ്ങളും യാനങ്ങളും കടലില്‍ പോയിട്ടില്ല. സംസ്ഥാനത്ത് 1,000 ഇന്‍ ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍, 27000 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍, 2000 യന്ത്രം ഘടിപ്പിക്കാത്ത നാടന്‍വള്ളങ്ങള്‍, 35000 യാനങ്ങള്‍ എന്നിവയ്ക്കാണു ട്രോളിങ് കാലയളവിലും കടലില്‍ പോവാന്‍ അനുമതിയുള്ളത്. ഈ കാലയളവില്‍ സൗജന്യ റേഷന് പുറമെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖാപിക്കണമെന്നാണു മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളെല്ലാം ഇത്തരത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രോളിങില്‍ ഏര്‍പ്പെട്ടവര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും മാത്രമാണു സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചത്. നാലാഴ്ചയാണു ബിപിഎല്ലുകാര്‍ക്ക് കിട്ടുന്ന രണ്ടു രൂപയുടെ അരി മല്‍സ്യത്തൊഴിലാളികള്‍ക്കു കിട്ടുക. ഒരാള്‍ക്കു പരമാവധി 25 കിലോ അരിയാണു ലഭിക്കുക. മറ്റു സംസ്ഥാനങ്ങള്‍ ഈ കാലയളവില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് മല്‍സ്യത്തൊഴിലാളികള്‍ക്കു നല്‍കി വരുമ്പോഴാണു സംസ്ഥാന സര്‍ക്കാരിന്റെ ഈ അവഗണന. 30 വര്‍ഷങ്ങളായി സംസ്ഥാനത്തു ട്രോളിങ് നിലവിലുണ്ടെങ്കിലും ഇത്തവണ വ്യത്യസ്ത സാഹചര്യമാണു നിലനില്‍ക്കുന്നതെന്നാണു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലെ ഓഖിക്കു ശേഷം സര്‍ക്കാര്‍ പല പ്രാവശ്യങ്ങളിലായി പുറപ്പെടുവിപ്പിച്ച ജാഗ്രതാ നിര്‍ദേശം കാരണം 50 ദിവസങ്ങളോളം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷങ്ങളായി കേരളത്തില്‍ മല്‍സ്യലഭ്യതയിലും കുറവു വന്നിട്ടുണ്ട്. സംസ്ഥാനത്തു സുലഭമായി കിട്ടിയിരുന്ന അയല, മത്തി തുടങ്ങിയവയുടെ ലഭ്യതയാണു കാര്യമായി കുറഞ്ഞത്.

RELATED STORIES

Share it
Top